
ഗൾഫ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. 2025 ഡിസംബറിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാകും. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബഹ്റൈൻ വീണ്ടും ഗൾഫ് ഉച്ചകോടിക്ക് വേദിയാകാൻ ഒരുങ്ങുന്നത്. ഗൾഫ് രാജ്യങ്ങളുടെ ഭാവിയെ രൂപപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ തലങ്ങളിൽ സംഘർഷങ്ങൾ തുടരുന്ന നിർണായക സാഹചര്യത്തിലാണ് 46-ാമത് ഗൾഫ് സഹകരണ കൗൺസിൽ (GCC) ഉച്ചകോടിക്ക് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗൾഫ് രാജ്യങ്ങളുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചർച്ചകൾ ഉച്ചകോടിയിൽ നടക്കും.
പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സാമ്പത്തിക സംയോജനം സാധ്യമാക്കുക തുടങ്ങിയവ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കും. കൂടാതെ ഊർജ്ജ സുരക്ഷ, ഭക്ഷ്യ സുസ്ഥിരത, ഡിജിറ്റൽ മാറ്റങ്ങൾ എന്നിവയും വേദിയിൽ ചർച്ചായാകും. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഏകീകൃത പ്രതികരണങ്ങൾ വളർത്തുന്നതിനും കൂട്ടായ പ്രവർത്തനവുമാണ് ഉച്ചകോടിയിലെ മറ്റ് ലക്ഷ്യങ്ങൾ.
പലസ്തീൻ ഇസ്രായേൽ ആക്രമണങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. പലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ഗൾഫ് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലെ സംയുക്ത സഹകരണം കൂടുതൽ ആഴത്തിൽ കൊണ്ടുപോകാനും മേഖലയുടെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
Content Highlights: Bahrain set to host gcc sumit after nine years