ഒമാനിൽ പ്രവാസികൾക്ക് പിഴയില്ലാതെ വിസാ പുതുക്കാം; സമയപരിധി ഒരാഴ്ച കൂടി നീട്ടി

അനധികൃതമായി നിരവധി പ്രവാസികള്‍ രാജ്യത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് പിഴയില്ലാതെ വിസ പുതുക്കാനുള്ള അവസരം ഭരണകൂടം പ്രഖ്യാപിച്ചത്

dot image

ഒമാനില്‍ പ്രവാസികള്‍ക്ക് പിഴ ഇല്ലാതെ വിസാ പുതുക്കാനുളള സമയ പരിധി ഒരാഴ്ച കൂടി നീട്ടി. ഈ മാസം 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും അധിക ബാധ്യതകളും ഒഴിവാക്കപ്പെടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ അനധികൃതമായി നിരവധി പ്രവാസികള്‍ രാജ്യത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് പിഴയില്ലാതെ വിസ പുതുക്കാനുള്ള അവസരം ഭരണകൂടം പ്രഖ്യാപിച്ചത്. തൊഴില്‍ മന്ത്രാലത്തിന്റെ പ്രഖ്യാപനത്തിന് ശേഷവും നിരവധി പ്രവാസികള്‍ ഇപ്പോഴും വിസ പുതുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരാഴ്ച കൂടി സമയം അനുവദിച്ചിരിക്കുന്നത്.

ഈ മാസം 31ന് ശേഷവും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ രാജ്യം വിടണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യം വിട്ടു പോകാന്‍ തയ്യാറാകുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലി സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനുമുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ കഴിയും. എന്നാല്‍, തൊഴിലുടമ തൊഴിലാളികളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ റദ്ദാക്കും. രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് അടുത്തിടെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പിഴ കൂടാതെ വിസ പുതുക്കാനുളള അവസരം പ്രവാസികള്‍ക്ക് ലഭിച്ചത്.

ഏഴ് വര്‍ഷം മുമ്പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും തൊഴില്‍ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ 2017 നും അതിനു മുമ്പും രജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍ നിന്നും വ്യക്തികള്‍ക്കും ബിസിനസ് ഉടമകള്‍ക്കും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ പൂര്‍ണമായും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനും നല്‍കിയ ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും.

Content Highlights: Expatriates in Oman can renew visas without penalty, Deadline extended

dot image
To advertise here,contact us
dot image