

കുവൈറ്റിൽ സ്വദേശി പൗരന്മാർക്ക് സുസ്ഥിരവും മികച്ചതുമായ ഭവന ലഭ്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഭവന വായ്പാ (Housing Mortgage) ഓർഡിനൻസ് പ്രാബല്യത്തിൽ വന്നു. തിരിച്ചടവിന് പരമാവധി 25 വർഷം വരെ കാലാവധി അനുവദിക്കുന്നതാണ് പുതിയ നിയമം. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ ഭവന വായ്പകളുടെ നിബന്ധനകൾ, തിരിച്ചടവ് കാലാവധി, ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ചുമതലകൾ എന്നിവ വ്യക്തമാക്കുന്നതാണ് പുറപ്പെടുവിച്ച പുതിയ ഉത്തരവ്.
പുതിയ നിയമപ്രകാരം, കുവൈറ്റ് ക്രെഡിറ്റ് ബാങ്കിന്റെ റിയൽ എസ്റ്റേറ്റ് വായ്പാ ചട്ടങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് പുതിയ വീട് വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. മുമ്പ് സർക്കാരിന്റെ ഭവന പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവർക്കായിരിക്കും ഈ സേവനത്തിന് അർഹതയുണ്ടാവുക. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ കൃത്യമായ നിർദ്ദേശങ്ങൾക്ക് വിധേയമായി, സബ്‌സിഡിയുള്ള വായ്പകളും അല്ലാത്തവയും ഒരുമിച്ച് പ്രയോജനപ്പെടുത്താനും ഉപഭോക്താക്കൾക്ക് അനുമതി നൽകുന്നുണ്ട്.
വായ്പ തുക വിതരണം ചെയ്യുന്ന തീയതി മുതൽ പരമാവധി 25 വർഷമാണ് തിരിച്ചടവ് കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്. തുല്യമായ പ്രതിമാസ ഗഡുക്കളായിട്ടായിരിക്കും വായ്പ തിരിച്ചടക്കേണ്ടത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ നിന്ന് പുതിയ വീടുകൾ വാങ്ങുന്നതിനും ഗവൺമെന്റ് പ്ലോട്ടുകളിൽ നിർമ്മാണം നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായങ്ങൾ ഘട്ടം ഘട്ടമായി ലഭ്യമാകും. ഉപഭോക്താക്കൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാങ്കുകൾ മുൻകൂട്ടി അറിയിപ്പ് നൽകുകയും സെൻട്രൽ ബാങ്ക് നിയമങ്ങൾക്കനുസൃതമായി തിരിച്ചടവ് കാലാവധി പരമാവധി അഞ്ച് വർഷം വരെ പുനഃക്രമീകരിച്ചു നൽകുകയും ചെയ്യും.
സർക്കാരിന് വേണ്ടി കുവൈറ്റ് ക്രെഡിറ്റ് ബാങ്ക് ആണ് ധനകാര്യ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവെക്കുക. സബ്‌സിഡി വായ്പകളുടെ പലിശയോ ലാഭവിഹിതമോ ഫിനാൻസ് മന്ത്രാലയം ജനറൽ റിസർവിൽ നിന്ന് ക്രെഡിറ്റ് ബാങ്ക് വഴി ധനകാര്യ സ്ഥാപനങ്ങൾക്ക് കൈമാറും. തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ ബാക്കി തുകയ്ക്ക് ക്രെഡിറ്റ് ബാങ്ക് ഗ്യാരണ്ടി നൽകുന്നതോടൊപ്പം, സർക്കാരിന്റെ ഈടായി പ്രോപ്പർട്ടി പണയം വെക്കാനും അനുമതിയുണ്ട്. പുതിയ നിയമത്തിന്റെ കൂടുതൽ വിശദാംശങ്ങളും നിയമാവലികളും ആറ് മാസത്തിനകം ഔദ്യോഗികമായി പുറത്തിറക്കും.
Content Highlights: Kuwait has introduced a new housing finance law aimed at helping eligible citizens buy homes from approved developers or build on government-allocated residential plots. Repayments must be made in equal monthly instalments over a period not exceeding 25 years. The state will cover interest or returns on supported financing, while the executive regulations are expected to be issued within six months.