ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് 32,000 ​ഗതാ​ഗത നിയമലംഘനങ്ങൾക്ക്; ശക്തമായ നടപടിയുമായി കുവൈത്ത്

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 42 കുട്ടികളും പിടിയിലായിട്ടുണ്ട്

ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് 32,000 ​ഗതാ​ഗത നിയമലംഘനങ്ങൾക്ക്; ശക്തമായ നടപടിയുമായി കുവൈത്ത്
dot image

കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ട്രാഫിക് വിഭാഗം. ഒരാഴ്ചക്കിടെ 32,000ത്തിലധികം നിയമ ലംഘകര്‍ക്ക് പിഴ ചുമത്തി. 49 ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരാനാണ് തീരുമാനം. കുവൈറ്റില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയത്.

ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഒരാഴ്ചക്കിടെ മാത്രം 32,187 പേര്‍ക്കാണ് പിഴ ചുമത്തിയത്. ഗുരുതരമായ നിയമ ലംഘനം നടത്തിയ നിരവധി പേരും അറസ്റ്റിലായി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 42 കുട്ടികളും പിടിയിലായിട്ടുണ്ട്.

32 വാഹനങ്ങളും ഒന്‍പത് മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തു. ഈ വാഹനങ്ങള്‍ ലേലത്തില്‍ വില്‍പ്പന നടത്തും. ആറ് ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വിഭാഗങ്ങളും ട്രാഫിക് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗവും സംയുക്തമായിട്ടായിരുന്നു പരിശോധന.

ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അത്തിഖിയുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഅദ് അല്‍ ഖത്വാ നേതൃത്വം നല്‍കി. നിയമലംഘനങ്ങള്‍ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധനകള്‍ തുടരുമെന്ന് ട്രാഫിക് അവയര്‍നസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഫഹദ് അല്‍ ഈസ വ്യക്തമാക്കി.

Content Highlights: The traffic department has intensified action against traffic violations in Kuwait

dot image
To advertise here,contact us
dot image