കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 1.3 മില്യൺ ദിനാറിന്റെ മയക്കുമരുന്ന് പിടികൂടി

കടല്‍ത്തീരത്ത് ഒരു ബോട്ടില്‍ നിന്ന് ബാഗുകള്‍ ഇറക്കുന്നത് ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടതിന് പിന്നാലെയായിരുന്നു ഓപറേഷന് തുടക്കമിട്ടത്

dot image

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.3 മില്യണ്‍ ദിനാറിന്റെ മയക്കുമരുന്ന് ശേഖരം സുരക്ഷാ സേന പിടികൂടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെയും കസ്റ്റംസ് ജീവനക്കാരന്റെയും ഒത്താശയോടെയായിരുന്നു മയക്കുമരുന്ന് കടത്ത് നടന്നത്. സമുദ്രമാര്‍ഗം കുവൈത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിക്കാനുളള ലഹരി ശൃംഖയുടെ ശ്രമമാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞത്.

കടല്‍ത്തീരത്ത് ഒരു ബോട്ടില്‍ നിന്ന് ബാഗുകള്‍ ഇറക്കുന്നത് ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടതിന് പിന്നാലെയായിരുന്നു ഓപറേഷന് തുടക്കമിട്ടത്. നാവിക സേനാ അംഗങ്ങളും സമുദ്ര സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഉടന്‍ തന്നെ സ്ഥലത്ത് എത്തികയും ബോട്ട് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്നവരെയും അറസറ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിലെ ഒരു ജീവനക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ പാലസ്തീന്‍ സ്വദേശിയായ ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എട്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 319 മയക്കുമരുന്ന് പായ്ക്കറ്റുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 1.3 ദശലക്ഷം ദിനാര്‍ വില വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക ജലാശയങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും കള്ളക്കടത്ത് ചെറുക്കുന്നതിനും മയക്കുമരുന്നിന്റെ അപകടങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Huge drug bust in Kuwait; Drugs worth 1.3 million dinars seized

dot image
To advertise here,contact us
dot image