
കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 12 മില്യണ്‍ ദിനാര്‍ വിലവരുന്ന മയക്കുമരുന്ന് ഗുളികകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. രാജ്യത്ത് മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ കണ്ണികളെ കണ്ടെത്താനുളള ശ്രമവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കസ്റ്റംസ്, ജനറല്‍ ഫയര്‍ ഫോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ലഹരി മരുന്നു ശേഖരം പിടികൂടിയത്. 40 ലക്ഷം കാപ്റ്റഗണ്‍ ഗുളികളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിന് ഏകദേശം 12 മില്യണ്‍ കുവൈത്തി ദിനാര്‍ വില വരും. വെള്ളം ശുദ്ധീകരിക്കുന്ന പൈപ്പുകള്‍ക്കുള്ളില്‍ വളരെ തന്ത്രപരമായി ഒളിപ്പിച്ച നിലയിലായിരുന്നു കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്.
കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്നു എത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാരക ശേഷിയുളള ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളും പിടിയിലായി. എന്നാല്‍ പ്രധാന സൂത്രധാരന്‍ രാജ്യത്തിന് പുറത്ത് നിന്നുകൊണ്ടാണ് കുവൈത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാനുളള നപടികളും ആരംഭിച്ചു.
മയക്കുമരുന്നു കടത്ത് സംഘത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണവിഭാഗത്തിൻ്റെ വിലയിരുത്തൽ. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ തീരുമാനം.
Content Highlights: Huge drug bust in Kuwait; Drugs worth 12 million dinars seized