നക്ബയില്‍ കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗം; ആരാണ് ഇസ്രയേല്‍ ഡെ.സ്പീക്കര്‍ അഹ്‌മദി തിബി

ഇസ്രയേല്‍ പൗരത്വമുള്ള 'അറബ് പലസ്തീനിയനാണ് ഞാന്‍' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്

നക്ബയില്‍ കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗം; ആരാണ് ഇസ്രയേല്‍ ഡെ.സ്പീക്കര്‍ അഹ്‌മദി തിബി
dot image

ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിന്റെ ഡെപ്യൂട്ടി സ്പീക്കറായി ജോയിന്റ് ലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ അഹ്‌മദ് തിബി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തആല്‍ പാര്‍ട്ടിയുടെ ചെയര്‍മാനായ അഹ്‌മദ് തിബി ഡെപ്യൂട്ടി സ്പീക്കറായി എത്തുന്ന ഇസ്രയേലിലെ രണ്ടാമത്തെ പലസ്തീന്‍ പൗരനാണ്. ഇസ്രയേല്‍ സര്‍ക്കാരിന്റെ ഭാഗമായ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ വിജയമായാണ് തിബിയുടെ ഈ സ്ഥാനത്തെ കണക്കാക്കുന്നത്.

ആരാണ് അഹ്‌മദ് തിബി

അഹ്‌മദ് തിബിയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. 1948ല്‍ നക്ബയില്‍ നിന്ന് കുടിയിറക്കപ്പെട്ട കുടുംബത്തിലെ ഒരു അംഗമാണ് അഹ്‌മദ് തിബി. 1958 ഡിസംബര്‍ 19ന് തൈബ് സിറ്റിയിലാണ് അഹ്‌മദ് തിബിയുടെ ജനനം. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് മെഡിസിനില്‍ ബിരുദം പൂര്‍ത്തിയാക്കി. ജെറുസലേമിലെ ഹിബ്രു സര്‍വകലാശാലയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയായിരുന്നു അഹ്‌മദിന്റെ വിജയം. എന്നാല്‍ കരിയര്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു തിബി.

ഒരര്‍ത്ഥത്തില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (PLO) നേതാവ് യാസര്‍ അറഫാത്തായിരുന്നു തിബിയുടെ നേതാവ്. 1984ല്‍ തുണീഷ്യയില്‍ വെച്ച് തിബി യാസര്‍ അറഫാത്തിനെ പരിചയപ്പെട്ടു. പിഎല്‍ഒയെ 'തീവ്രവാദ സംഘടന' എന്ന് ഇസ്രയേല്‍ നിയമം പ്രകാരം പ്രഖ്യാപിച്ച സമയത്ത് അതിനെ മറികടന്നായിരുന്നു ആ സന്ദര്‍ശനം. തുണീഷ്യയില്‍ നിന്ന് തിരിച്ചുവന്നതിന് പിന്നാലെ ഇസ്രയേല്‍ പൊലീസ് തിബിയെ ചോദ്യം ചെയ്തിരുന്നു.

പിന്നീട് 1993 മുതല്‍ 1999 വരെ തിബി യാസര്‍ അറഫാത്തിന്റെ രാഷ്ട്രീയ ഉപദേഷകനായി പ്രവര്‍ത്തിച്ചു. 1998ല്‍ അമേരിക്കയിലെ മാരിലാന്‍ഡില്‍ വെച്ച് നടന്ന വൈ റിവര്‍ ഉച്ചകോടിയില്‍ പലസ്തീന്‍ പ്രതിനിധി സംഘത്തിന്റെ വക്താവായും തിബി പ്രവര്‍ത്തിച്ചു. ഈ ഉച്ചകോടിയില്‍ വെച്ച് അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചു. എന്നാല്‍ മറ്റ് ഇസ്രയേല്‍-പലസ്തീന്‍ ഉടമ്പടികള്‍ പോലെ ഇതും ഇസ്രയേല്‍ ഉടന്‍ തന്നെ ഉപേക്ഷിച്ചു.

അഹ്മദ് തിബി

1996ലാണ് തിബി തആല്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. 1999ല്‍ നെസറ്റിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇസ്രയേല്‍ പൗരത്വമുള്ള 'അറബ് പലസ്തീനിയനാണ് ഞാന്‍' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ദ്വിരാഷ്ട്ര ഫോര്‍മുലയ്ക്കും പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തിരികെ നാട്ടിലേക്ക് വരാനും വേണ്ടിയാണ് തിബി തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുന്നത്. മാത്രവുമല്ല, ഇസ്രയേല്‍ ജൂത രാഷ്ട്രമാണെന്ന വാദത്തെ അദ്ദേഹം നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്. അത് എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള രാഷ്ട്രമാണെന്നാണ് തിബിയുടെ വാദം.

തീവ്ര വലതുപക്ഷക്കാരുടെ ശത്രു

തന്റെ ആക്ടിവിസവും രാഷ്ട്രീയ നിലപാടും കാരണം തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണ് തിബി. തന്റെ തെരഞ്ഞെടുപ്പ് തടയാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറും ശ്രമിച്ചതായി തിബി ആരോപിച്ചിരുന്നു. നെതന്യാഹുവിനും അദ്ദേഹത്തിന്റെ സഹായികള്‍ക്കുമെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും തിബി ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ 2000ല്‍ നടന്ന രണ്ടാം ഇന്‍തിഫാദ സമയത്ത് അല്‍ അഖ്‌സ മസ്ജിദില്‍ നടന്ന സംഘര്‍ഷത്തിനിടെ ഏരിയല്‍ ഷാരോണിനെ നേരിടുന്നതിനിടെ അദ്ദേഹത്തിന്റെ വലതുകൈ ഒടിഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു. നാടകീയമായ പാര്‍ലമെന്ററി പ്രതിഷേധങ്ങളും തിബിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. 2016ല്‍ ജറുസലേമിലും അധിനിവേശ പലസ്തീന്‍ മേഖലയിലും ഉച്ചഭാഷിണികള്‍ നിരോധിക്കുന്നതിനുള്ള ഇസ്രയേല്‍ ബില്ലിനെ എതിര്‍ത്തു കൊണ്ട് നെസറ്റില്‍ ഇസ്‌ലാമിക പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ സുപ്രധാന വിജയം കരസ്ഥമാക്കിയ അറബ് പാര്‍ട്ടികള്‍ക്കുള്ള അംഗീകാരമാണ് തിബിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം. ജോയിന്റ് ലിസ്റ്റും റആം പാര്‍ട്ടിയും കൂടി ആകെ 19 സീറ്റുകളാണ് കരസ്ഥമാക്കിയത്. നേരത്തെ 2006 മുതല്‍ 2022 വരെയും നെസറ്റിലെ ഡെപ്യൂട്ടി സ്പീക്കറായി തിബി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Content Highlights: Ahmad Tibi is a prominent Palestinian-Israeli politician, physician and chairman of the Ta’al party, which is part of the Joint List alliance. He has served as a member of Israel’s Knesset for several years and is known for advocating the rights of Arab citizens in Israel. His election as Deputy Speaker of the Knesset marks another significant chapter in his political career.

dot image
To advertise here,contact us
dot image