ചൂട് കടുക്കുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നടപ്പിലാക്കാൻ തീരുമാനം

വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

ചൂട് കടുക്കുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നടപ്പിലാക്കാൻ തീരുമാനം
dot image

ചൂട് കനത്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നടപ്പിലാക്കുന്നു. ജൂണ്‍ മുതലാണ് യുഎഇ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉച്ചവിശ്രമം നടപ്പാക്കുന്നത്. ഒമാനില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെയാണ് ഉച്ചവിശ്രമം.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഉച്ച വിശ്രമയ സമയങ്ങളിലും മാറ്റം വരുത്തുന്നത്. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെ സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് 500 മുതല്‍ 1,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്നും മറ്റ് ഭരണപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒമാന്‍ തൊളില്‍ മന്ത്രാലയം വ്യക്തമാക്കി. വേനല്‍ക്കാല മാസങ്ങളില്‍ചൂട് മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കും. ജോലി സമയം മാറ്റുന്നതിലോ, തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കുന്നതിലോ കമ്പനികള്‍ വീഴ്ച വരുത്തുന്നത് നിയമലംഘനമായി കണക്കാക്കും.

വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ പ്രവര്‍ത്തനം തുടരുന്നതിന് കമ്പനികള്‍ മുന്‍കൂട്ടി അനുമതി വാങ്ങുകയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ശീതീകരിച്ച സൗകര്യങ്ങള്‍, തണുത്ത കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങള്‍ എന്നിവ തൊഴിലാളികള്‍ക്ക് ഉറപ്പാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Amid rising temperatures, several countries in the Gulf region have decided to implement mandatory midday work breaks. The move is aimed at safeguarding workers from extreme heat and ensuring better health and safety standards during peak summer months.

dot image
To advertise here,contact us
dot image