പ്രവാസികൾക്ക് ആശ്വാസം; സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയില്‍ ഇളവ്

നേരത്തെ തൂക്കത്തിനൊപ്പം സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയും പുരുഷന്മാര്‍ക്ക് 50,000 രൂപയും എന്ന വില പരിധി കൂടി ഏര്‍പ്പെടുത്തിയിരുന്നു

പ്രവാസികൾക്ക് ആശ്വാസം; സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയില്‍ ഇളവ്
dot image

വിദേശത്തുനിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബാഗേജ് നിയമ പരിഷ്‌കാരം നിലവില്‍ വന്നു. സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നികുതിരഹിത പരിധിയില്‍ നിന്ന് വില എന്ന മാനദണ്ഡം പൂര്‍ണ്ണമായും ഒഴിവാക്കി എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ഇനി മുതല്‍ ആഭരണങ്ങളുടെ തൂക്കം മാത്രമായിരിക്കും നികുതിയിളവിനായി പരിഗണിക്കുക.

കേന്ദ്ര ബജറ്റില്‍ ബാഗേജ് നിയമ പരിഷ്‌ക്കണവുമായി ബന്ധപ്പെട്ട ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കാരങ്ങളാണ് പ്രാബല്യത്തിലായിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയും പുരുഷന്മാര്‍ക്ക് 20 ഗ്രാം വരെയും സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.

നേരത്തെ തൂക്കത്തിനൊപ്പം സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയും പുരുഷന്മാര്‍ക്ക് 50,000 രൂപയും എന്ന വില പരിധി കൂടി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ചെറിയ അളവിലുള്ള ആഭരണങ്ങള്‍ പോലും ഈ വില പരിധിക്ക് പുറത്താവുകയും പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ വലിയ തുക നികുതിയായി നല്‍കേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 30 ഗ്രാം സ്വര്‍ണ്ണവുമായി നാട്ടിലെത്തിയ ഒരു പ്രവാസിക്ക് ഒരു ലക്ഷത്തിലധികം രൂപ നികുതി നല്‍കേണ്ടി വന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

പ്രവാസി സമൂഹത്തില്‍ നിന്നും സ്വര്‍ണ വ്യാപാരികളില്‍ നിന്നും വലിയ സ്വീകാര്യതയാണ് പുതിയ തീരുമാനത്തിന് ലഭിക്കുന്നത്. പുതിയ പരിഷ്‌കാരം ആശയക്കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാന്‍ പ്രവാസികളെ സഹായിക്കുമെന്ന് യുഎഇയിലെ സ്വര്‍ണവ്യാപാരികള്‍ പറയുന്നു. സമ്പാദ്യത്തില്‍ നിന്ന് പ്രിയപ്പെട്ടവര്‍ക്കായി വാങ്ങുന്ന സ്വര്‍ണം പരിശോധനകളുടെയും നികുതിയുടെയും പേരില്‍ തടഞ്ഞുവെക്കപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

Content Highlights: The government has provided a welcome relief for NRIs by raising the tax-free limit for bringing gold jewelry into the country. This move aims to facilitate smoother imports of gold for personal use, investments, and special occasions like weddings.

dot image
To advertise here,contact us
dot image