ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്

കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു

ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്
dot image

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്. മോഹന്‍ദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ട് വാഹനങ്ങളില്‍ പൊലീസ് സംഘം എത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. മോഹന്‍ദാസ് മട്ടാഞ്ചേരിയിലെ വീട്ടില്‍ തന്നെയുണ്ട്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരായ പൊലീസ് നടപടികള്‍ക്കിടെ എന്തുകൊണ്ട് ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹന്‍ദാസിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹന്‍ദാസ് പരാമര്‍ശം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര്‍ മരിക്കും, കുറേ പേര്‍ മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കുമെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു.

Content Highlights- Police visited T G Mohandas's residence in connection with a case involving alleged insulting remarks against students who protested in Delhi.

dot image
To advertise here,contact us
dot image