
ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ പ്രസവാവധി നീട്ടുന്നതിനുള്ള പാർലമെന്റ് നിർദേശം സർക്കാർ തള്ളി. കൂടുതൽ അവധി അനുവദിക്കുന്നത് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തുല്യത തകർക്കാനും സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ശമ്പളത്തോടുകൂടിയ പ്രസവാവധി 60 ദിവസത്തിൽനിന്ന് 70 ദിവസമായി വർധിപ്പിക്കുവാൻ കഴിഞ്ഞ കാലത്തു ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ സർക്കാരിലേക്ക് നിർദേശം നൽകിയിരുന്നു. 70 ദിവസത്തെ അവധി സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിലെ പരിഷ്കാരങ്ങളെ ഭാഗികമായി മാതൃകയാക്കിയുള്ളതാണ്. ഇവിടെ ചില പ്രത്യേക മേഖലകളിൽ അമ്മമാർക്ക് കൂടുതൽ അവധി നൽകിവരുന്നുണ്ട്.
മേഖലയിൽ ഏർപ്പെടുത്തിയ ഇത്തരം പരിഷകരങ്ങളെ തുടർന്നായിരുന്നു നിർദേശം സർക്കാരിലേക്ക് സമർപ്പിച്ചത്. ഈ നിർദേശമാണ് സർക്കാർ തള്ളിയിരിക്കുന്നത്. ഇത്തരം നീക്കം പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തുല്യത തകർക്കാനും ചെറുകിട സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാനും സാധ്യതയുണ്ടെന്നും സർക്കാർ പറയുന്നു. നിലവിലെ 60 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി, ആരോഗ്യപരവും സാമ്പത്തികവുമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അമ്മയുടെ ആരോഗ്യ ആവശ്യങ്ങൾക്കും കമ്പനിയുടെ പ്രവർത്തനപരമായ ആവശ്യങ്ങൾക്കുമിടയിൽ ന്യായമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഈ വിഷയം സംബന്ധിച്ച് സർക്കാർ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇരുമേഖലകളിലും സ്ഥിരത നിലനിർത്തേണ്ടത് പ്രധാനമാണെന്നും അല്ലാത്തപക്ഷം അസന്തുലിതമായ നേട്ടങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ബിസിനസ് പിന്തുണയില്ലാതെ പ്രസവാവധി വർധിപ്പിക്കുന്നത്. സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാരെ നിയമിക്കുന്നതിൽ വിമുഖത കാണിക്കാൻ ഇടയാക്കുമെന്നും ഇതു തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാനുള്ള ദീർഘകാല ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നും പറയുന്നു.
നിലവിൽ 60 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി കൂടാതെ 15 ദിവസത്തെ ശമ്പളമില്ലാത്ത അവധിയും നൽകിവരുന്നുണ്ട്. കൂടാതെ ജോലി സ്ഥിരതയും മുലയൂട്ടൽ ഇടവേളകളും ഉൾപ്പെടുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രസവാനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിലൂടെ കുടുംബക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കുമെന്നും ലക്ഷ്യമിട്ടാണ് അവധി 70 ദിവസമാക്കാൻ നിർദേശം നൽകിയത്.
Content Highlights: 70-day maternity leave proposal gets rejected in Bahrain