
ഇടുക്കി: സർക്കാർ നഴ്‌സിങ് കോളേജിലെ അടിസ്ഥാന വികസന സൗകര്യങ്ങൾക്കായി സമരം ചെയ്ത വിദ്യാർത്ഥികളെ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഭീഷണിപ്പെടുത്തിയതായി പരാതി. 'ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ നഴ്‌സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, കോളജ് മാറ്റാനും അറിയാം' എന്നായിരുന്നു നേതാവിന്റെ ഭീഷണി . വിദ്യാർത്ഥികളുടെയും പ്രതിനിധികളുടെയും യോഗത്തിലായിരുന്നു സി വി വർഗീസിന്റെ ഭീഷണിയെന്ന് യോഗത്തില്‍ പങ്കെടുത്ത രക്ഷിതാവ് രാജി പറഞ്ഞു.
സി വി വർഗീസ് അറിയച്ചത് പ്രകാരം ഒക്ടോബർ 18ന് ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നിരുന്നു. നഴ്‌സിങ് കോളേജിലെ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ പിടിഎ പ്രതിനിധികൾ പിടിഎ പ്രസിഡന്റ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. വഞ്ചിക്കവലയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ കെട്ടിടം പെൺകുട്ടികൾക്ക് താമസസൗകര്യത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് സി വി വർഗീസ് കുട്ടികളോട് പറഞ്ഞു. സർക്കാർ ഹോസ്റ്റലുകളിൽ നൽകുന്ന ഫീസ് മാത്രമേ നൽകാനാകൂവെന്നും ഭക്ഷണ കാര്യത്തിൽ ബുദ്ധിമുട്ട് നേരിടുന്നതിനാൽ പിടിഎയ്ക്ക് മെസ്സ് ഏറ്റെടുത്തുനടത്താൻ അനുമതി നൽകണമെന്നും വിദ്യാർത്ഥികൾ മറുപടി നൽകി.
എന്നാൽ കുട്ടികളോട് ക്ഷുഭിതനായ സി വി വർഗീസ് 'ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ ഒരു നഴ്‌സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറല്ല എന്നാണെങ്കിൽ നഴ്‌സിങ് കോളേജ് ഇടുക്കിയിൽനിന്ന് തുടച്ചെറിയുമെന്ന്' ഭീഷണിപ്പെടുത്തി. പിടിഎ അംഗങ്ങളും അധ്യാപകരും പറയുന്നതു കേട്ട് വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയാൽ രണ്ട് വർഷത്തെ പഠനവും പോകും നഴ്‌സിങ് കോളേജ് തന്നെ ഇവിടെനിന്ന് മാറ്റുമെന്നും അദ്ദേഹം പറഞ്ഞതായി രക്ഷിതാവ് ആരോപിച്ചു.
വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നുവെന്ന് സി വി വർഗീസ് സമ്മതിച്ചു. മനപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കി കോളജ് ഇവിടെനിന്ന് മാറ്റാനാണോ ശ്രമം എന്നാണ് ചോദിച്ചതെന്നും സി വി വർഗീസ് വ്യക്തമാക്കി. നഴ്‌സിങ് കോളജ് മാറ്റാൻ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രമിക്കുന്നുവെന്നും സി വി വർഗീസ് പറഞ്ഞു.
ഇടുക്കിയിൽ 2023ലാണ് ഗവ നഴ്‌സിങ് കോളേജ് ആരംഭിച്ചത്. അടിസ്ഥാന സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിവയിൽ പ്രതിസന്ധി തുടരുകയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. ഒരു സ്വകാര്യ സ്‌കൂളിന്റെ കെട്ടിടത്തിലാണ് താൽക്കാലികമായി പെൺകുട്ടികളുടെ ഹോസ്റ്റലായി പ്രവർത്തിക്കുന്നത്. ഇവിടെ സർക്കാർ ഹോസ്റ്റൽ ഫീസിനേക്കാൾ ഉയർന്ന തുക താമസത്തിന് നൽകേണ്ടി വരുന്നുണ്ട്. ഇതിനെതിരെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു.
ഇടുക്കി നഴ്‌സിംഗ് കോളേജ് പൂട്ടിക്കാൻ കോളജ് പ്രിൻസിപ്പലും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസും ഗൂഢാലോചന നടത്തുകയാണെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. പ്രിൻസിപ്പൽ സി വി വർഗീസിന്റെ നിഴലായി നിൽക്കുന്നു. പ്രിൻസിപ്പലിനെ പുറത്താക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Complaint alleging that CPIM District Secretary CV Varghese threatened students