
ബഹ്റൈനിൽ മോട്ടോർ സൈക്കിളുകളിലുള്ള ഭക്ഷണം, മറ്റ് സാധനങ്ങൾ തുടങ്ങിയവ ഡെലിവറി ചെയ്യുന്നതിനുള്ള പുതിയ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കുവാൻ നിർദേശം. അപകടസാധ്യതകൾ കുറക്കുന്നതിനും ഈ മേഖലയിൽ സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് പൂർത്തിയാകുന്നതുവരെ ലൈസൻസ് നൽകുന്നത് നിർത്തിവെക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ കാലത്ത് മോട്ടോർ സൈക്കിൾ ഡെലിവറി മേഖലയിൽ ധാരാളം അപകടങ്ങൾ നടന്നിരുന്നു. നിരവധി പേർക്ക് അപകടത്തിൽ ജീവഹാനി സംഭവിക്കുകയും ഗുരുതര പരുക്കുകൾ ഏൽക്കുകയൂം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗതസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും വർധിച്ചുവരുന്ന അപകടസാധ്യതകൾ കുറക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് പൂർത്തിയാകുന്നതുവരെ ലൈസൻസ് നൽകുന്നത് നിർത്തിവെക്കണമെന്നുമാണ് പാർലമെന്റിൽ നിർദേശം നൽകിയിരിക്കുന്നത്. എം പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർദേശം സമർപ്പിച്ചത്.
കഴിഞ്ഞ കാലത്ത് ഡെലിവറി സേവനങ്ങളുടെ വിപണിയിൽ നിലവിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകളുടെ എണ്ണത്തിൽ വർദ്ധന പ്രകടമാണ്. ഇത് ഗതാഗതക്കുരുക്കിനും സുഗമമായ ഒഴുക്കിനും തടസമുണ്ടാക്കുന്നുവെന്നാണ് വിശദീകരണ മെമ്മോറാണ്ടത്തിൽ എംപിമാർ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷങ്ങളിൽ ഡെലിവറി സേവനങ്ങൾ അതിവേഗം വികസിച്ചതിന്റെ ഫലമായി, മതിയായ പരിശീലനമോ ശരിയായ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഈ മേഖലയിലേക്ക് പ്രവർത്തിച്ചു വരുന്നതായും ഇത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നും അതിനാൽ ആവശ്യമായ സാങ്കേതിക, പ്രഫഷനൽ, ഗതാഗത ആവശ്യകതകൾ പൂർത്തിയാക്കുന്നതുവരെ പുതിയ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിയത്രിക്കണമെന്നും എംപിമാർ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതുവഴി, നിർബന്ധിത വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് അധികാരികൾക്ക് സമയം നൽകുകയാണ് ലക്ഷ്യം. ഗതാഗതസുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഡെലിവറി ബൈക്ക് ഓടിക്കുന്നവരിൽനിന്നുള്ള അപകടകരമായ പെരുമാറ്റങ്ങളും നിയമലംഘനങ്ങളും പരിമിതപ്പെടുത്തുന്നതിനും നിർദേശം വഴി സാധ്യമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെലിവറി മോട്ടോർ സൈക്കിൾ അപകടങ്ങളുടെ എണ്ണവും മരണവും വർധിച്ചതായും എംപിമാർ വ്യക്തമാക്കി.
Content Highlights: Bahrain to temporarily suspend food delivery on motorcycles as accidents increase