

മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ, കോൺസുലാർ ടീമും അഭിഭാഷക പാനലും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിൽ നടന്ന ഓപ്പൺ ഹൗസിൽ 30 ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.
സന്നിഹിതരായ അംഗങ്ങൾക്ക് ഈദുൽ ഫിത്ർ ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസ് ആരംഭിച്ചത്. അടുത്തിടെ രാജകീയ മാപ്പ് നൽകി 68 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതിന് അദ്ദേഹം ബഹ്‌റൈൻ ഭരണാധികാരിക്കും പ്രധാനമന്ത്രിക്കും മറ്റു അധികാരികൾക്കും നന്ദി അറിയിച്ചു.
2025 ഏപ്രിൽ 1 മുതൽ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവന ഫീസുകൾ പരിഷ്കരിച്ചതായും അംബാസഡർ ഓപ്പൺ ഹൗസിൽ പറഞ്ഞു. പുതുക്കിയ ഫീസുകളുടെ വിശദാംശങ്ങൾ മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിക്കപ്പെട്ട മിക്ക കേസുകളും പരിഹരിച്ചു. അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ള ഒരു കാൻസർ രോഗിയുടെ യാത്രാ ക്രമീകരണങ്ങളിലും മകന്റെ പാസ്‌പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിലും സൗകര്യമൊരുക്കി. ആവശ്യമായ ചികിത്സ കാലതാമസമില്ലാതെ ലഭിക്കുന്നതിന് അവർക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കി.
അതോടൊപ്പം മറ്റൊരു കേസിൽ ഒരു കുഞ്ഞിന്റെ ചികിത്സ സാധ്യമാക്കുന്നതിൽ മിഷൻ പ്രാദേശിക ആശുപത്രി അധികൃതരുമായി ഇടപെട്ട് ക്രമീകരിച്ചതായും അറിയിച്ചു. ഓപ്പൺ ഹൗസിൽ പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും വളണ്ടിയർമാർക്കും എംബസിയിലെ അഭിഭാഷകർക്കും അംബാസഡർ നന്ദി പറഞ്ഞു.
Content Highlights: Indian Embassy in Bahrain organizes open house