Top

യുഎഇയിൽ ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു; കർശന കൊവിഡ് നിയന്ത്രണങ്ങൾ

കര്‍ശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടാകുമെന്നാണ് അറിയിപ്പ്

29 April 2022 2:00 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിൽ ഈദ് അല്‍ ഫിത്തര്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു; കർശന കൊവിഡ് നിയന്ത്രണങ്ങൾ
X

അബുദാബി : യുഎഇയില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ പള്ളികള്‍ ഒരുങ്ങികഴിഞ്ഞു. രാജ്യത്ത് ഈദ് അല്‍ ഫിത്തര്‍ മെയ് 2 ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി പ്രത്യേക ഈദ് നമസ്‌കാരത്തിനായുള്ള സമയവും കൊവിഡ് നിയന്ത്രണങ്ങളും അധികൃതര്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രാര്‍ത്ഥന സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. അബുദാബിയില്‍ രാവിലെ 6.03 നും അല്‍ ഐനില്‍ 05.57 നും മദീനത്ത് സായിദില്‍ 06.01നു ദുബായില്‍ 05:59 നും ഷാര്‍ജയില്‍ 05.58 നും റാസല്‍ഖൈമയില്‍ 5:36 നുമാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്ക് എത്തിച്ചേരേണ്ടത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും മാസങ്ങളായി കേസുകളുടെ എണ്ണം നിയന്ത്രണ വിധേയമാകുകയും ചെയ്തിരുന്നു. എങ്കിലും കര്‍ശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ടാകുമെന്നാണ് അറിയിപ്പ്. അതിരാവിലെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അല്‍ ഹോസ്ന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ സാധുവായ ഗ്രീന്‍ പാസ് നിലനിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനാസമയത്ത് പള്ളികളിലും മുസല്ലകളിലും വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

STORY HIGHLIGHTS: Eid al fithar 2022 prayer time announced in uae

Next Story