ദുബായ് സൈക്കിൾ ട്രാക്ക് പദ്ധതി; 90 ശതമാനം നിർമാണം പൂർത്തിയായെന്ന് ആർടിഎ

ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ആര്‍ടിഎ അറിയിച്ചു
ദുബായ് സൈക്കിൾ ട്രാക്ക് പദ്ധതി; 90 ശതമാനം നിർമാണം പൂർത്തിയായെന്ന് ആർടിഎ

അബുദബി: ദുബായ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ സൈക്കിള്‍ ട്രാക്ക് പദ്ധതി 90 ശതമാനം പൂര്‍ത്തിയായി. രണ്ട് സൈക്കിള്‍ ട്രാക്കുകളുടെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ആര്‍ടിഎ അറിയിച്ചു.

അല്‍ ഖവനീജ്, മുഷ്രിഫ് എന്നീ സൈക്കിള്‍ ട്രാക്കുകളാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിലെ ഖുറാന്‍ ഗാര്‍ഡനില്‍ നിന്ന് അല്‍ ഖവനീജ് സ്ട്രീറ്റ് വരെ നീളുന്നതാണ് ആദ്യ ട്രാക്ക്. രണ്ടാമത്തെ സൈക്ലിംഗ് പാത ക്രോക്കോഡൈല്‍ പാര്‍ക്കിന് സമീപമുള്ള മുഷ്രിഫ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റുവരെ നീളുന്നു.

ദുബായിലെ സൈക്ലിംഗ് ട്രാക്ക് ശൃംഖലയുടെ ഏറ്റവും പുതിയ വികസന പദ്ധതിയാണിതെന്ന് ആര്‍ടിഎ അറിയിച്ചു. 90 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയായ ട്രാക്കുകള്‍ അധികം വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈക്ലിംഗ്, ജോഗിംഗ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനായി ആർടിഎ തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണിത്. 2026 ഓടെ ദുബായിലെ സൈക്ലിംഗ് ട്രാക്കുകളുടെ ദൈര്‍ഘ്യം 544 കിലോമീറ്ററില്‍ നിന്ന് 819 കിലോമീറ്ററായി ഉയര്‍ത്താനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ താമസക്കാരെയും സന്ദർശകരെയും കായിക വിനോദ പരിപാടികൾ പരിശീലിപ്പിക്കാനും അതുവഴി എമിറേറ്റിലെ ആളുകളുടെ ക്ഷേമം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com