
അബുദബി: യുഎഇയിലെ ബഹിരാകാശ സഞ്ചാരി സുല്ത്താന് അല് നെയാദി സെപ്റ്റംബര് 18ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്തും. മുഹമ്മദ് ബിന് റാഷിദ് സ്പേസ് സെന്ററാണ് വിവരം അറിയിച്ചത്. ദൗത്യത്തിൽ പിന്തുണച്ചവർക്ക് നെയാദി നന്ദി അറിയിച്ചു. ദൗത്യം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത് തുടക്കം മാത്രമാണെന്നും പറയുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, ആറ് മാസം നീണ്ട ഗവേഷണ ജീവിതം വിജയകരമായി പൂര്ത്തീകരിച്ചാണ് നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സെപ്റ്റംബര് നാലിനായിരുന്നു നെയാദിയും സംഘവും ഭൂമിയിലെത്തിയത്. അമേരിക്കയിലെ ഫ്ലോറിഡ തീരത്താണ് നെയാദി വന്നിറങ്ങിയത്.
ഏറ്റവും കൂടുതല് കാലം ബഹികാരാശ നിലയത്തില് ജീവിച്ച ആദ്യത്തെ അറബ് വംശജനാണ് അല് നെയാദി. 200 പരീക്ഷണങ്ങള് പൂര്ത്തീകരിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്. ബഹിരാകാശത്തെ ഓരോ ചലനവും അത്ഭുതവും ആകാംക്ഷയും നിറഞ്ഞ കാഴ്ചകളും നിരന്തരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഈ ചരിത്ര യാത്രയില് നിന്നുള്ള അദ്ദേഹത്തിന്റെ ഉള്ക്കാഴ്ചകളും അനുഭവങ്ങളും കേള്ക്കാന് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള ഒരുക്കങ്ങള് മൂഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്ററിന്റെ നേതൃത്വത്തില് പുരോഗമിക്കുകയാണ്. ഭരണകര്ത്താക്കളുമായുളള കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്, റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.