
റിയാദ്: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള് പുറത്ത് വിടുന്നവര്ക്കെതിരെ ക്രമിനല് നടപടി സ്വീകരിക്കുന്ന പുതിയ നിയമം സൗദി അറേബ്യയില് പ്രാബല്യത്തില് വന്നു. വ്യക്തി വിവരങ്ങള് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല് കുറ്റമാണെന്നും ഇത്തരക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി ഭരണകൂടം വ്യക്തമാക്കി.
2021ല് സൗദി മന്ത്രി സഭ അംഗീകരിച്ച ഡാറ്റ സംരക്ഷണ നിയമത്തിന്റെ ചുവട് പിടിച്ചാണ് വ്യക്തി വിവരങ്ങള് സംരക്ഷിക്കുന്ന പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. വ്യക്തി വിവരങ്ങള് സ്വകാര്യ വിവരങ്ങളാണെന്നും അത് അനുമതിയില്ലാതെ കൈമാറുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനല് കുറ്റമാണെന്നും നിയമം വ്യക്തമാക്കുന്നു. വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും ശേഖരിക്കുന്ന വ്യക്തികളുടെ ഫോണ് നമ്പര്, ഫോട്ടോകള് എന്നിവ പുറത്ത് വിടുകയോ മറ്റുള്ളവര്ക്ക് കൈമാറുകയോ ചെയ്യരുത്. വിവിധ പരിപാടികളുടെ ഭാഗമായി എത്തുന്ന വ്യക്തികളുടെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വിടരുതെന്നും നിയമത്തില് പറയുന്നു.
സിസിടിവി ദൃശ്യങ്ങളും സ്വകാര്യ വിവരങ്ങളുടെ പട്ടികയില് വരും. ആശുപത്രികളില് നിന്ന് രോഗികളുടെ വിവരങ്ങള് മരുന്നു കമ്പനികള്ക്ക് കൈമാറുന്നതിനും അനുമതിയില്ല. സര്ക്കാര് സ്ഥാപനങ്ങളിലുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള് കൈമാറുന്നതും ക്രിമിനല് കുറ്റമാണ്. ക്രെഡിറ്റ് കാര്ഡ് ഉടമകളുടെ വിവരങ്ങളും പൊലീസ് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്ത് വിടരുതെന്നും നിയമത്തില് പറയുന്നു. നിയമ ലംഘകര്ക്കെതിരായ ശിക്ഷാ നടപടികളെക്കുറിച്ചും നിയമത്തില് വ്യക്തമാക്കിയിട്ടുണ്ട്.