Top

ബൂം ബൂം മുംബൈ; ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകര്‍പ്പന്‍ ജയം

ആദ്യ പകുതിയിലായിരുന്നു മുംബൈയുടെ നാല് ഗോളുകളും

8 Jan 2023 4:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൂം ബൂം മുംബൈ; ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകര്‍പ്പന്‍ ജയം
X

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുംബൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മുംബൈ കേരളത്തെ തകര്‍ത്തത്. ആദ്യ പകുതിയിലായിരുന്നു മുംബൈയുടെ നാല് ഗോളുകളും. മുംബൈ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയാണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ മൈതാനത്ത് കണ്ടത്.

മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഓര്‍ഗെ പെരേരയുടെ ഇരട്ട ഗോളുകളാണ് മുംബൈയ്ക്ക് ആധികാരിക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഓര്‍ഗെ പേരേര ഗോളടിച്ച് കൊണ്ട് കേരളത്തെ ഞെട്ടിച്ചു. പിന്നാലെ ഗ്രെഗ് സ്റ്റ്യുവര്‍ട്ടും മഞ്ഞപ്പടയ്‌ക്കെതിരെ വലകുലുക്കി. എട്ടാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഡയമന്റക്കോസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ലാച്ചെന്‍പ കൈയ്യിലൊതുക്കി.

രണ്ടാം ഗോള്‍ നേടി അധിക സമയം വേണ്ടി വന്നില്ല. 16ാം മിനുട്ടില്‍ മുംബൈ വക മൂന്നാമത്തെ പ്രഹരം. ബിപിന്‍ സിംഗിന്റെ ഒന്നാന്തരം ഷോട്ട് കേരളാ ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന് തട്ടിയകറ്റാനായില്ല, പന്ത് വലയിലേയ്ക്ക്. 22ാം മിനുട്ടില്‍ ഓര്‍ഗെ പേരേരയുടെ രണ്ടാമത്തെ ഗോളും പിറന്നു. മുംബൈ നാല് ഗോളിന് മുന്നില്‍. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

രണ്ടാം പകുതിയില്‍ തുടരെ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും മുംബൈയ്ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ജയത്തോടെ 33 പോയിന്റോടെ മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ഈ മാസം 22 ന് ഗോവയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story highlights: Mumbai City won against Kerala Blasters in ISL

Next Story