'ബെല്‍ജിയന്‍ സമനിലപ്പൂട്ട്' തകര്‍ക്കാനായില്ല; യുക്രെയ്ന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

നാല് പോയിന്റുകളുമായി നാലാമതായാണ് യുക്രെയ്ന്‍ ഫിനിഷ് ചെയ്തത്
'ബെല്‍ജിയന്‍ സമനിലപ്പൂട്ട്' തകര്‍ക്കാനായില്ല; യുക്രെയ്ന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പില്‍ യുക്രെയ്ന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയത്തിനെതിരായ നിര്‍ണായപോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതാണ് യുക്രെയ്‌ന് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിലെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ നാല് പോയിന്റുകളുമായി നാലാമതായാണ് യുക്രെയ്ന്‍ ഫിനിഷ് ചെയ്തത്.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയത്തിനെതിരെ യുക്രെയ്‌ന് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ ബെല്‍ജിയത്തിന്റെ പ്രതിരോധം തകര്‍ക്കാന്‍ യുക്രെയ്‌നായില്ല. ഇരുടീമുകളും ഇന്ന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ഗ്രൂപ്പിലെ സ്ലൊവാക്യ- റൊമാനിയ മത്സരവും സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിയുകയായിരുന്നു. 24-ാം മിനിറ്റില്‍ ഒന്ദ്രേ ഡൂഡയിലൂടെ സ്ലൊവാക്യ മുന്നിലെത്തിയെങ്കിലും 37-ാം മിനിറ്റില്‍ റസ്വാന്‍ മറീന്റെ പെനാല്‍റ്റി ഗോളിലൂടെ റൊമാനിയ സമനില ഒപ്പമെത്തി. ഇതോടെയാണ് യുക്രെയ്‌ന് അവസാന 16ലെത്താനാവാതെ മടങ്ങേണ്ടി വന്നത്.

ഗ്രൂപ്പ് ഇയിലെ നാല് ടീമുകള്‍ക്കും നാല് പോയിന്റുകളാണുള്ളത്. മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ റൊമാനിയ ഗ്രൂപ്പില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടാമതായി ബെല്‍ജിയവും സ്ലൊവാക്യ മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഈ മൂന്ന് ടീമുകളും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com