യുണൈറ്റഡിന് നിരാശയുടെ സമനില; നോക്കൗട്ട് പ്രതീക്ഷകള് അസ്തമിക്കുന്നു?

ഒരു ഘട്ടത്തില് ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് മുന്നിലായിരുന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്

dot image

ഇസ്താംബൂള്: ചാമ്പ്യന്സ് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള് അവസാനിക്കുന്നു. നിര്ണായക മത്സരത്തില് ഗലറ്റ്സരെയ്ക്കെതിരെ സമനില വഴങ്ങിയതോടെയാണ് യുണൈറ്റഡിന് അവസാന 16-ൽ എത്താമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായത്. ഗലറ്റ്സരെയുടെ ഹോം സ്റ്റേഡിയമായ ആര്എഎംഎസ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ഒരു ഘട്ടത്തില് ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് മുന്നിലായിരുന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്.

ആവേശപ്പോരാട്ടത്തില് ഗലറ്റ്സരെയെ ഞെട്ടിച്ച് ആദ്യ 19 മിനിറ്റുകള്ക്കുള്ളില് തന്നെ യുണൈറ്റഡ് രണ്ട് ഗോളുകള്ക്ക് മുന്നിലെത്തി. 11-ാം മിനിറ്റില് അലെജാന്ഡ്രോ ഗര്നാചോയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള് നേടിയത്. 18-ാം മിനിറ്റില് ബ്രൂണോ ഫെര്ണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മത്സരത്തില് യുണൈറ്റഡ് ആധിപത്യം സ്ഥാപിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം ഗോള്കീപ്പര് ആന്ദ്രേ ഒനാനയുടെ പിഴവ് മുതലെടുത്ത് ഗലറ്റ്സരെ മത്സരത്തിലേക്ക് തിരികെവന്നു. 29-ാം മിനിറ്റില് ഫ്രീകിക്കില് നിന്ന് ഹക്കിം സിയെച്ചാണ് ഗലറ്റ്സരെയ്ക്ക് വേണ്ടി ഗോള് മടക്കിയത്. ആദ്യ പകുതി 2-1ന് അവസാനിച്ചു.

തിരിച്ചടിച്ച് സിറ്റി, പ്രീക്വാര്ട്ടറിലെത്തി ബാഴ്സ; ചാമ്പ്യന്സ് ലീഗില് വമ്പന്മാര്ക്ക് ആവേശവിജയം

രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് സ്കോര് മൂന്നാക്കി ഉയര്ത്തി. 55-ാം മിനിറ്റില് സ്കോട്ട് മക്ടോമിനയാണ് യുണൈറ്റഡിന്റെ മൂന്നാം ഗോള് നേടിയത്. എന്നാല് 62-ാം മിനിറ്റില് വീണ്ടും ഒനാനയുടെ പിഴവില് ഗലാറ്റ്സരെ ഗോള് നേടി. സിയെച്ച് തന്നെയായിരുന്നു തുര്ക്കിഷ് ക്ലബ്ബിന്റെ രണ്ടാം ഗോളും നേടിയത്. 71-ാം മിനിറ്റില് മുഹമ്മദ് കെറെം അക്തുര്കോഗ്ലുവിന്റെ ഗോള് ഗലറ്റ്സരെയെ ഒപ്പമെത്തിച്ചു. 85-ാം മിനിറ്റില് യുണൈറ്റഡ് വിജയഗോള് നേടിയെന്ന് തോന്നിച്ചെങ്കിലും ബ്രൂണോ ഫെര്ണാണ്ടസിന്റെ ശ്രമം പോസ്റ്റില് തട്ടി മടങ്ങി. വിജയം അനിവാര്യമായ മത്സരം സമനില വഴങ്ങിയതോടെ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള് ഏറെക്കുറെ അവസാനിച്ചു. അഞ്ച് മത്സരങ്ങള്ക്ക് ശേഷം നാല് പോയിന്റുമായി ഗ്രൂപ്പ് എയില് ഏറ്റവും താഴെയാണ് യുണൈറ്റഡിന്റെ സ്ഥാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us