
പൂനെ: എഎഫ്സി ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കമാകുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റിയും ഇറാൻ ക്ലബ് നാസാജി മാസന്ദരൻ എഫ്സിയുമായാണ് ആദ്യ മത്സരം. പൂനെയിലെ ശ്രീശിവ് ചത്രപദി സ്പോർട്സ് കോംപ്ലെക്സിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. വൈകീട്ട് 9.30ന് നടക്കുന്ന മത്സരത്തിൽ സൗദി ക്ലബായ അൽ ഇത്തിഹാദ്, ഉസ്ബെക്കിസ്ഥാൻ ക്ലബായ എജിഎംകെ എഫ്സിയെ നേരിടും. ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസീമ നയിക്കുന്ന ടീമാണ് അൽ ഇത്തിഹാദ്.
ഉദ്ഘാടന ദിവസമായ ഇന്ന് ആറ് മത്സരങ്ങളുണ്ട്. രാത്രി 11.30 ന് നടക്കുന്ന മത്സരത്തിൽ നെയ്മർ ജൂനിയറിന്റെ അൽ ഹിലാൽ കളത്തിലിറങ്ങും. ഉസ്ബെക്കിസ്ഥാൻ ക്ലബായ പിഎഫ്സി നവബഹോർ നാമംഗൻ ആണ് അൽ ഹിലാലിന്റെ എതിരാളികൾ. മുംബൈ സിറ്റി ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് നെയ്മർ ജൂനിയറിന്റെ അൽ ഹിലാൽ മത്സരിക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് നാളെയാണ് മത്സരം. രാത്രി 11.30ന് നടക്കുന്ന മത്സരത്തിൽ ഇറാൻ ക്ലബായ പെർസെപോളിസ് എഫ്സിയാണ് റൊണാൾഡോയെയും സംഘത്തെയും നേരിടുക. നാല് ടീമുകളുള്ള പത്ത് ഗ്രൂപ്പുകളാണ് എഎഎഫ്സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നത്. ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ മത്സരിക്കും. ഹോം ആൻഡ് എവേ രീതിയിലാണ് മത്സരങ്ങൾ നടക്കുന്നത്.