
സൗദി പ്രോ ലീഗില് വിജയക്കുതിപ്പ് തുടര്ന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അല് നസര് എഫ്സി. അല് റെയ്ദ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തകര്ത്താണ് അല് നസര് തുടര്ച്ചയായ നാലാം വിജയം സ്വന്തമാക്കിയത്. റൊണാള്ഡോ ഗോളടിച്ച മത്സരത്തില് സാദിയോ മാനെയും ആന്ഡേഴ്സണ് ടാലിസ്കയുമാണ് അല് നസറിന് വേണ്ടി ഗോളുകള് നേടിയത്. മത്സരത്തിന്റെ അധികസമയത്ത് റൊണാള്ഡോ ഒരിക്കല് കൂടി വല ചലിപ്പിച്ചുവെങ്കിലും അത് ഓഫ് സൈഡായി മാറിയിരുന്നു.
ഒന്നാം പകുതിയുടെ അധിക സമയത്ത് സാദിയോ മാനെയാണ് അല് നസറിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. അല് ഘനം നല്കിയ പാസില് നിന്നായിരുന്നു മാനെയുടെ ഗോള്. രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ അല് നസര് രണ്ടാം ഗോള് കണ്ടെത്തി. 49-ാം മിനിറ്റില് ടലിസ്കയാണ് ഗോളടിച്ചത്. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് അല് ഘനം ആയിരുന്നു.
78-ാം മിനിറ്റില് റൊണാള്ഡോയുടെ ഗോളിലൂടെ അല് നസര് വിജയമുറപ്പിച്ചു. ഈ സീസണിലെ റൊണാള്ഡോയുടെ 13-ാം ഗോളാണിത്. മത്സരത്തിന്റെ അവസാന മിനിറ്റില് പെനാല്റ്റിയിലൂടെ അല് റെയ്ദ് ആശ്വാസ ഗോള് കണ്ടെത്തി. വിജയത്തോടെ 12 പോയിന്റുമായി അല് നസര് അഞ്ചാം സ്ഥാനത്ത് നില്ക്കുകയാണ്.