
ന്യൂഡല്ഹി: ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് പുരുഷ ഫുട്ബോള് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ സുനില് ഛേത്രിയാണ് നയിക്കുക. മലയാളി സാന്നിധ്യമായി കെ പി രാഹുലും അബ്ദുള് റബീഹ് അഞ്ചുകണ്ടനും ടീമിലിടം നേടി.
അഖിലേന്ത്യ ഫുട്ബോള് ഫെഡറേഷനാണ് (എഐഎഫ്എഫ്) ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചത്. 'ഇന്ത്യന് ഫുട്ബോളിന് വളരെ തിരക്കേറിയ സമയമാണിത്. തിരക്കേറിയ മത്സരക്രമമാണ് നമുക്ക് മുന്നിലുണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്ക്ക് പുറമേ ഐഎസ്എല് ഉള്പ്പടെയുള്ള ആഭ്യന്തര ലീഗുകളും നടക്കുകയാണ്. തുടര്ച്ചയായുള്ള മത്സരങ്ങള് വിജയിച്ച സീനിയര് ടീമിനെ കാത്ത് മെര്ദേക്ക കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്, എഎഫ്സി ഏഷ്യന് കപ്പ് എന്നിവ വരാനിരിക്കുന്നുമുണ്ട്', എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ പറഞ്ഞു.
സെപ്റ്റംബര് 19 മുതല് ഒക്ടോബര് ഏഴ് വരെ ചൈനയിലെ ഹാങ്ഷുവിലാണ് ഏഷ്യന് ഗെയിംസ് അരങ്ങേറുക. 19ന് നടക്കുന്ന മത്സരത്തില് ഇന്ത്യ ആതിഥേയരായ ചൈനയെയാണ് ആദ്യം നേരിടുക.
ഇന്ത്യന് സ്ക്വാഡ്: ഗുര്മീത് സിംഗ്, ധീരജ് സിംഗ് മൊയ്റംഗ്തെം, സുമിത് രതി, നരേന്ദര് ഗഹ്ലോട്ട്, അമര്ജിത് സിംഗ് കിയാം, സാമുവല് ജെയിംസ്, രാഹുല് കെപി, അബ്ദുള് റബീഹ് അഞ്ചുകണ്ടന്, ആയുഷ് ദേവ് ഛേത്രി, ബ്രൈസ് മിറാന്ഡ, അസ്ഫര് നൂറാനി, റഹീം അലി, വിന്സി ബരേത്, ജി സുനില് ഛേത്രി, രോഹിത്ത് ഛേത്രി സിംഗ്, അനികേത് ജാദവ്