
ഫ്ലോറിഡ: ലയണൽ മെസ്സിയുടെ സാന്നിധ്യം ഇന്റർ മയാമിയുടെ ആത്മവിശ്വാസം ഉയർത്തിയെന്ന് സഹതാരം ലിയോനാർഡോ കാമ്പാന. കഴിഞ്ഞ ദിവസം സ്പോർട്ടിങ് കെ സിക്കെതിരായ മത്സരം മെസ്സി ഇല്ലാതെ മയാമി വിജയിച്ചിരുന്നു. അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തെ തുടർന്നാണ് മെസ്സി മയാമിക്ക് വേണ്ടി കളിക്കാതിരുന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മയാമിയുടെ ജയം. മത്സരത്തിൽ ലിയോനാർഡോ കാമ്പാന ഇരട്ട ഗോൾ നേടിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കാമ്പാനയുടെ പ്രതികരണം.
മെസ്സി ഇന്റർ മയാമി താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. സ്പോർട്ടിങ്ങ് കെ സിക്കെതിരായ വിജയത്തിൽ സന്തോഷമുണ്ട്. മെസ്സി ഇല്ലാത്തത് പ്രതിസന്ധി ആയിരുന്നുവെന്നും കാമ്പാന പ്രതികരിച്ചു. മയാമി ഏത് ടീമിനെതിരെയും വിജയിക്കാൻ കഴിയുന്നവരായി മാറിയെന്ന് പരിശീലകൻ ജെറാഡോ മാർട്ടിനോയും പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മയാമിയിൽ കളിക്കുന്നത്. കഴിഞ്ഞ ദിവസത്തേതിന് സമാനമായ വിജയങ്ങൾ തുടരുമെന്നും മാർട്ടിനോ വ്യക്തമാക്കി.
അതിനിടെ അർജന്റീനയുടെ അടുത്ത മത്സരത്തിൽ മെസ്സിയുടെ സാന്നിധ്യം സംശയത്തിലാണ്. തുടർച്ചയായി കളിക്കുന്നതിനാൽ മെസ്സി ക്ഷീണിതനാണെന്നാണ് സൂചന. മയാമിയിൽ 11 മത്സരങ്ങൾ മെസ്സി തുടർച്ചയായി കളിച്ചു. അതിന് ശേഷമാണ് ഇക്വഡോറിനെതിരെ യോഗ്യത മത്സരം കളിച്ചത്. ബുധനാഴ്ച ബൊളീവിയയ്ക്കെതിരെ ആണ് അർജൻ്റീനയുടെ അടുത്ത യോഗ്യത മത്സരം.