ട്രാന്സ്ഫര് റൗണ്ടപ്പ്; കോള് പാമറെ സിറ്റിയില് നിന്ന് റാഞ്ചി ചെല്സി

ഏഴ് വര്ഷത്തേക്കാണ് കരാര്

dot image

ലണ്ടന്: മാഞ്ചസ്റ്റര് സിറ്റി യുവതാരം കോള് പാമറെ സ്വന്തമാക്കി ചെല്സി. 2030 വരെ ഏഴ് വര്ഷത്തേക്കുള്ള കരാറാണ് 21കാരനായ താരം ഒപ്പുവെച്ചതെന്ന് പ്രശസ്ത സ്പോര്ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ എക്സില് പോസ്റ്റ് ചെയ്തു. 40 മില്ല്യണ് പൗണ്ടിനാണ് സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീല്ഡറും ഇംഗ്ലണ്ട് അണ്ടര് 21 താരവുമായ പാമര് സ്റ്റാംഫോര്ഡ് ബ്രിഡ്ജിലെത്തുന്നത്. കരാറിലെ ആഡ് ഓണുകളായി 2.5 മില്ല്യണ് പൗണ്ട് കൂടി അധികം ലഭിക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.

'ഈ കരാറില് ഒപ്പിട്ടതില് വളരെ സന്തോഷമുണ്ട്. ചെല്സിക്ക് വേണ്ടി തുടങ്ങുന്നതില് എനിക്ക് ആവേശമുണ്ട്. കാരണം ഈ പ്രോജക്ട് വളരെ മികച്ചതായാണ് തോന്നുന്നത്. ഇവിടെ എന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാന് ഞാന് ശ്രമിക്കും', ബ്ലൂസിന് വേണ്ടി സൈന് ചെയ്തതിന് ശേഷം പാമര് പറഞ്ഞു. 'വിജയത്തിനായി ദാഹിക്കുന്ന യുവാക്കളുടെ ക്ലബ്ബാണ് ചെല്സി. ഇവിടെ എനിക്ക് എന്തെങ്കിലും പ്രത്യേകമായി ചെയ്യാന് സാധിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു', പാമര് കൂട്ടിച്ചേര്ത്തു.

സിറ്റി അക്കാദമിയില് നിന്ന് വളര്ന്നുവന്ന താരമാണ് കോള് പാമര്. 2023ലെ യുവേഫ അണ്ടര് 21 കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്നു പാമര്. താരത്തെ ലോണിന് വിടാന് അനുവദിക്കില്ലെന്ന് കോച്ച് പെപ് ഗ്വാര്ഡിയോള പറഞ്ഞതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു. സമ്മര് സീസണിന്റെ തുടക്കത്തില് പാമറെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം ക്ലബ്ബും സജീവമായി ട്രാന്സ്ഫര് രംഗത്തുണ്ടായിരുന്നു.

dot image
To advertise here,contact us
dot image