30 കൊല്ലം പഴക്കമുള്ള ബർഗർ; ഒരു മാറ്റവുമില്ല ലോകത്തെ ഒരേയൊരു 'മക്ഫോസിലി'ന്

ലോകത്തിലെ തന്നെ ഏറ്റവും പഴയ മക്ഡൊണാൾഡ് ബർ​ഗറാണ് ഇതെന്നാണ് കരുതുന്നത്
30 കൊല്ലം പഴക്കമുള്ള ബർഗർ; ഒരു മാറ്റവുമില്ല ലോകത്തെ ഒരേയൊരു 'മക്ഫോസിലി'ന്

പഴകും തോറും വീര്യം കൂടുമെന്ന് വീഞ്ഞുകളെ കുറിച്ച് പറയും. എന്നാൽ മ​ഗ്ഡൊണാൾഡ്സിന്റെ ഹാംബ‍ർ​ഗറിനെ കുറിച്ചും ഇനി ഇങ്ങനെയൊക്കെ തന്നെ പറയേണ്ടിവരും. മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹാം ബർ​ഗറാണ് ഇന്ന് താരം. കെട്ടിവച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ കയറിയ ഒന്ന് രണ്ട് ഉറുമ്പ് പൊടിച്ചതൊഴിച്ചാൾ ഈ മൂപ്പതുകാരൻ ബർ​ഗറിന് യാതൊരു മാറ്റവുമില്ല. ന്യൂയോർക്ക് പോസ്റ്റാണ് ഈ ബർ​ഗറിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒട്ടും നശിച്ചിട്ടില്ലെന്ന് മാത്രമല്ല, കാണാനുള്ള ഉഷാറും കുറഞ്ഞിട്ടില്ല. ഓസ്ട്രേലിയയിൽ നിന്നാണ് ഈ ബർ​​ഗർ വാങ്ങിയത്. ഓസ്ട്രേലിയക്കാരായ കാസി ഡീനും എഡ്വാർഡ് നിറ്റ്സും ഈ ബർ​ഗർ വാങ്ങുമ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ബിൽ ക്ലിന്റനായിരുന്നുവെത്രേ!

അഡിലേയ്‍ഡിൽ നിന്ന് 1995 ലാണ് ബർ​ഗർ വാങ്ങിയതെന്നാണ് ഇവർ അവകാശപ്പെടുന്നത്. 'അന്ന് കൗമാരക്കാരായിരുന്ന ഞങ്ങൾ വളരെയേറെ ഭക്ഷണം ഓർഡർ ചെയ്തു. ബാക്കിയായ ഇത് സൂക്ഷിക്കാമെന്ന് ഞങ്ങൾ വെറുതെ തീരുമാനിക്കുകയായിരുന്നു'; അവർ പറഞ്ഞു. അങ്ങനെ കുറച്ച് നാൾ കൂടെ ഉണ്ടായതോടെ ബർഗറിന് 'ദെയർ മേറ്റ്' (their mate) അവർ പേരിട്ടു. എന്നാൽ 30 വർ‌ഷം പിന്നിടുമ്പേൾ ഇതിനെ 'മക്ഫോസിൽ' (McFossil) എന്നാണ് അവർ വിളിക്കുന്നത്. ഈ ബർഗറിൽ പൂപ്പൽ പിടിക്കുകയോ ഇതിൽ നിന്ന് ദുർ​ഗന്ധം വമിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പഴയ മക്ഡൊണാൾഡ് ബർ​ഗറാണ് ഇതെന്നാണ് ഇവർ കരുതുന്നത്. നേരത്തെ ഐസ്‍ലാന്റിൽ നിന്ന് ബർ​ഗർ പ്രദർശിപ്പിച്ചിരുന്നു. അന്ന് കാണാൻ ഓൺലൈൻ ലൈവിൽ ആയിരക്കണക്കിന് പേരാണ് എത്തിയത്.

വളരെ ശ്രദ്ധാപൂർവ്വമാണ് ഡീനും നിറ്റ്സും ഈ ബർ​ഗറിനെ സൂക്ഷിച്ചത്. ടിമ്പറുകൊണ്ടും കാർഡ് ബോർഡുകൊണ്ടുമുണ്ടാക്കിയ ബോക്സിൽ ലോക്ക് ചെയ്താണ് ബർ​ഗർ സൂക്ഷിക്കുന്നത്. വേനലിൽ ഈ ബോക്സിൽ 30 ഡി​ഗ്രിയിൽ ഊഷ്മാവ് നിയന്ത്രിക്കും. ഇടയ്ക്ക് പരിശോധിക്കാൻ ചെല്ലുമ്പോഴാണ് അറിയുക, എലികളെല്ലാം പരിസരത്തെത്തിയുട്ടുണ്ടാകും. എന്നാൽ പ്ലാസ്റ്റിക് കവറും തുണിയുമെല്ലാം കടിച്ചുകീറുമെങ്കിലും അവയ്ക്ക് ബർ​ഗറിനടുത്തെത്താനായിട്ടില്ല. അതുകൊണ്ട് ‍‌ഞങ്ങളുടെ മേറ്റ് സേഫാണ് - എന്നാണ് ഇവരുടെ വാക്കുകൾ.

എന്നാൽ ഇത് വിശ്വസിക്കാനാവാത്തവരുമുണ്ട്. അവരെ തനിക്ക് മനസ്സിലാകുമെന്നാണ് ഡീൻ പറയുന്നത്. ഇങ്ങനെ സൂക്ഷിച്ചാൽ കേടാകാതെയിരിക്കുമോ എന്ന് സംശയിച്ചാൽ തെറ്റുപറയാനാവില്ലെന്നാണ് ഇരുവരും പ്രതികരിക്കുന്നു. എന്തൊക്കെയായാലും 2015 ൽ ആദ്യതവണ പ്രദർശിപ്പിച്ചപ്പോൾ നിരവധി പേ‍ർ ആവശ്യക്കാരായി എത്തിയെങ്കിലും ഒരിക്കലും തങ്ങളുടെ മേറ്റിനെ അവർ വിട്ടുകൊടുത്തിട്ടില്ല. കൊടുക്കുകയുമില്ലെന്നാണ് ഇവർ ആവർത്തിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com