നടൻ സിബി തോമസിന് പൊലീസിൽ സ്ഥാനക്കയറ്റം; ഇനി ഡിവൈഎസ്പി
'തൊണ്ടിമുതലും ദൃസാക്ഷിയും' എന്ന ചിത്രത്തിലെ എസ്ഐയുടെ വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്
25 Jan 2023 10:26 AM GMT
ഫിൽമി റിപ്പോർട്ടർ

ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം. വയനാട് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോയിലാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ നടൻ 'തൊണ്ടിമുതലും ദൃസാക്ഷിയും' എന്ന ചിത്രത്തിലെ എസ്ഐയുടെ വേഷത്തിൽ ആണ് ശ്രദ്ധേയനായത്. പൊലീസ് കഥ പറഞ്ഞ രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്തായിരുന്നു. സൂര്യ നായകനായ 'ജയ് ഭീമി'ലും സിബി അഭിനയിച്ചിട്ടുണ്ട്.
കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തിൽ ബിരുദധാരിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ലഭിച്ചെങ്കിലും തുടരാൻ സാധിച്ചില്ല. പൊലീസിൽ എത്തിയ സിബി തോമസ് പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ എന്നീ സ്റ്റേഷനുകളിൽ സിഐ ആയിട്ടുണ്ട്. 2014, 2019, 2022 വർഷങ്ങളിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയിട്ടുണ്ട്. 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി.
Story Highlights: Sibi Thomas got promotion in police force as DYSP