റോബിന് പിന്നാലെ മലയാള സിനിമയിൽ ഒരു കൈ നോക്കാൻ ദിൽഷയും; നായകൻ അനൂപ് മേനോൻ
അജു വർഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
19 March 2023 11:51 AM GMT
ഫിൽമി റിപ്പോർട്ടർ

ബിഗ് ബോസ് വിജയത്തിന് ശേഷം മലയാള സിനിമയിൽ ഒരുകൈ നോക്കാൻ ദിൽഷ പ്രസന്നൻ. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണൻ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ദില്‍ഷയും പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. 'ഓ സിൻഡ്രല്ല' എന്ന അനൂപ് മേനോൻ ചിത്രത്തിൽ നായികയായാണ് തുടക്കം. അജു വർഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഇവിടെ ഞാനെന്‍റെ അരങ്ങേറ്റ ചിത്രം 'ഓ സിൻഡ്രെല്ല' പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, എന്നിൽ വിശ്വാസമർപ്പിച്ചതിനും എന്നെ നയിച്ചതിനും അനൂപ് മേനോന് നന്ദി. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.. എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം,' പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദിൽഷ കുറിച്ചു.
ബിഗ് ബോസ് മലയാളം പതിപ്പിന്‍റെ കഴിഞ്ഞ സീസണിലെ ടൈറ്റില്‍ ജേതാവാണ് ദില്‍ഷ. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥിയായ റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അഭ്യർത്ഥന നിരസിച്ചതോടെ റോബിൻ ആരാധകരായി സ്വയം അവരോധിക്കുന്നവരിൽ നിന്ന് ദിൽഷയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
'രാവണയുദ്ധം' എന്നാണ് റോബിൻ രാധാകൃഷ്ണൻ പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര്. തിരക്കഥയും സംവിധാനവും റോബിൻ തന്നെയാണ്. ഒപ്പം നായകനായും അഭിനയിക്കും.
Story Highlights: Dilsha Prasannan to act in movie after Robin Radhakrishnan