Top

''ഒരു സിനിമ സെറ്റിൽ വന്ന ആരും സിനിമയെ ഡീഗ്രേഡ് ചെയ്യില്ല''; അനൂപ് മേനോൻ

'സിനിമ എന്ന ഒരു സ്വപ്നത്തെ ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു വരുന്ന ഒരു സംഘത്തെ മുഴുവൻ കൊല്ലുന്ന, അല്ലെങ്കിൽ അവരുടെ ജീവിതത്തിന് ഒരു വിലയും നൽകാത്ത ഒന്നാണ് ഡീഗ്രേഡിങ്'

14 March 2022 3:41 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരു സിനിമ സെറ്റിൽ വന്ന ആരും സിനിമയെ ഡീഗ്രേഡ് ചെയ്യില്ല; അനൂപ് മേനോൻ
X

നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന '21 ഗ്രാംസ്' എന്ന ത്രില്ലർ ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകുകയാണ് അനൂപ് മേനോൻ. സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും ഗാനരചയിതാവുമായി സിനിമയിൽ പ്രവർത്തിച്ച അനൂപ് മേനോൻ ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന ഡീഗ്രേഡിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ്. ഒരു സിനിമയുടെ സെറ്റിൽ വന്ന ആരും ഒരു സിനിമയെയും ഡീഗ്രേഡ് ചെയ്യില്ല എന്നും സിനിമ എന്ന ഒരു സ്വപ്നത്തെ ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു വരുന്ന ഒരു സംഘത്തെ മുഴുവൻ കൊല്ലുന്നതാണ് ഡീഗ്രേഡിങ് എന്നും അനൂപ് മേനോൻ പറയുന്നു. '21 ഗ്രാംസ്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഡീഗ്രേഡിങ്ങിനെ കുറിച്ച് പറഞ്ഞത്.

അനൂപ് മേനോന്റെ വാക്കുകൾ

ഒരു സിനിമ സെറ്റിൽ വന്ന ആരും ഒരു സിനിമയെയും ഡീഗ്രേഡ് ചെയ്യില്ല. കാരണം ജാതി മത ഭേതമന്യേ പ്രവൃത്തിക്കുന്ന മേഖലയാണ് സിനിമ. നമുക്കിടയിൽ ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ല. നാമെല്ലാവരും ഒരൊറ്റ യൂണിറ്റായി കഷ്ടപ്പെട്ട് ചെയ്യുന്ന മേഖലയാണ് ഇത്. ഒരു നൂറു പേര് ദിവസവും രാവിലെ ആറ് മണിക്ക് തുടങ്ങുന്നതാണ് സിനിമ സെറ്റിലെ ജോലി. മാത്രമല്ല ഒരു പ്രൊഡ്യൂസർ അയാളുടെ സകല സമ്പാദ്യവും ഇതിനകത്തേക്ക് ഇട്ട് സിനിമ എന്ന ഒരു സ്വപ്നത്തെ ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു വരുന്നു. അങ്ങനെയുള്ള ഒരു സംഘത്തെ മുഴുവൻ കൊല്ലുന്ന, അല്ലെങ്കിൽ അവരുടെ ജീവിതത്തിന് ഒരു വിലയും നൽകാത്ത ഒന്നാണ് ഡീഗ്രേഡിങ് എന്ന് പറയുന്നത്.

സിനിമയെ ഇഷ്ടപ്പെടാതെ ഇരിക്കാം. പക്ഷെ സിനിമയെ എടുത്ത് അതിനുമേലെ കയറി നിന്ന് അവരെ ചവിട്ടിയരച്ച്, അതൊരിക്കലും വേറൊരാൾ കാണരുത് എന്നുള്ള ചിന്തയാണ് ഡീഗ്രേഡ് ചെയ്യുന്നവർക്ക്. ഇത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ കൂടെയാണ് ഹനിക്കുന്നത്. എനിക്ക് പടം കാണണമെന്നുണ്ടെങ്കിൽ ഞാൻ കണ്ടോട്ടെ. എന്തിനാണ് അത് കാണുന്നവരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത്. ഒരു സിനിമയുടെ സെറ്റിൽ രണ്ട് ദിവസം വന്നു നിന്ന ഒരാളും ഒരു സിനിമയെയും ഡീഗ്രേഡ് ചെയ്യില്ല. അത്രയധികം അധ്വാനമുണ്ട് ഇതിൽ. ഒരുപാട് സ്വപ്നങ്ങളെയാണ് ഇവർ അടിച്ചു തകർക്കാൻ ശ്രമിക്കുന്നത്.

ഇപ്പോൾ വളരെ അടുത്താണ് ഡീഗ്രേഡിങ് കൂടുതൽ വരാൻ തുടങ്ങിയത്. മുൻപ് ഒരുപാട് പേര് തിയേറ്ററിനുള്ളിൽ ഇറങ്ങി നിന്ന് കൂവുമായിരുന്നു. അതുകഴിഞ്ഞ് കുറേക്കാലം ഇതില്ലായിരുന്നു. ഇപ്പോൾ കഴിഞ്ഞ ഒരു വർഷമായിട്ട് വീണ്ടും ഉണ്ടാകുന്നു. അതും കൊവിഡ് പോലുള്ള മഹാമാരിക്ക് ശേഷവും. ലോകം എങ്ങനെയെങ്കിലും മുന്നോട്ടു പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്താണ് അവരിങ്ങനെ ചെയ്യുന്നത്. ഇവരുമായി ഒരു ബന്ധവുമില്ലാത്ത ആൾക്കാരാണ് ഈ സിനിമയിൽ പ്രവർത്തിക്കുന്നവർ. ഒരു തരത്തിലുളള ഉപദ്രവവും അവർ ചെയ്യുന്നില്ല. നിർമ്മാതാക്കളൊക്കെ എന്ത് തെറ്റ് ചെയ്തു. 'ഡിസൈഡ് ഫോർ യുവർസെൽഫ്' (സ്വയം തീരുമാനിക്കുക) എന്ന ഒരാളുടെ സ്വാതന്ത്ര്യമാണ് ഡീഗ്രേഡിങ് ചെയ്യുന്നവർ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഒരു സിനിമ കാണാമെങ്കിൽ ഞാൻ കാണും എന്നൊരു തീരുമാനം എല്ലാവരും എടുത്താൽ പിന്നെ ഒരു ഡീഗ്രേഡിങ്ങിനും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് മനസിലാകും.

Story highlights: '' No one degrades a movie if they once visited a movie set ''; Anoop Menon

Next Story