കോടിക്കണക്കിന് പ്രാണികൾ ഉടൻ പുറത്തുവരും; 221 വർഷത്തിന് ശേഷമുള്ള പ്രതിഭാസം കാത്ത് അമേരിക്ക

221 വർഷത്തിന് ശേഷമാണ് ഇത് വീണ്ടും സംഭവിക്കുന്നത്
കോടിക്കണക്കിന് പ്രാണികൾ 
ഉടൻ പുറത്തുവരും; 221 വർഷത്തിന് ശേഷമുള്ള പ്രതിഭാസം കാത്ത് അമേരിക്ക

നീണ്ട കാലയളവിന് ശേഷം കോടിക്കണക്കിന് പ്രാണികൾ പുറത്തുവരുന്ന പ്രതിഭാസം അമേരിക്കയിൽ സംഭവിക്കാൻ പോകുന്നു. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ മണ്ണിനടിയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് യുഎസ്. വിദഗ്ധരുടെ അഭിപ്രായത്തിൽ 221 വർഷത്തിന് ശേഷമാണ് ഇത് വീണ്ടും സംഭവിക്കുന്നത്. ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ് കൂട്ടമായി പുറത്തുവരുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്നവയാണ് സിക്കാഡകൾ. 17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു എന്നതാണ് ഈ പ്രതിഭാസം.

രണ്ടുതരം സിക്കാഡകൾ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത് 1803 ലാണ്. ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. നോർത്ത് ലൂസിയാന, സൗത്ത് അർക്കൻസാസ്, അലബാമ, മിസിസിപ്പി, നോർത്ത് ജോർജിയ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ സിക്കാഡകളുടെ ആദ്യ തരംഗം പ്രത്യക്ഷപ്പെടുമെന്ന് സിൻസിനാറ്റിയിലെ മൗണ്ട് സെൻ്റ് ജോസഫ് യൂണിവേഴ്സിറ്റിയിലെ എ​ന്റോമോളജി​​സ്റ്റ് ജീൻ ക്രിറ്റ്സ്കി എൻബിസി ന്യൂസിനോട് പറഞ്ഞു. ഈ അപൂർവ സംഭവത്തെക്കുറിച്ച് എഴുതിയ ആളും ഈ മാസം പ്രസിദ്ധീകരിച്ച 'എ ടെയിൽ ഓഫ് ടു ബ്രൂഡ്‌സ്' എന്ന പുസ്തകത്തിൻ്റെ രചയിതാവും കൂടിയാണ് ക്രിറ്റ്‌സ്‌കി.

അഞ്ച് ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് ഏകദേശ കണക്ക്. ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ് സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത്. ഇപ്പേൾ ജീവിച്ചിരിക്കുന്നവർക്കാർക്കും പിന്നീട് ഈ പ്രതിഭാസം കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com