

പെന്റഗണൽ ഷെയ്പ്പുള്ള കൊലയാളിയുടെ മുഖം, ആ മുഖം പതിഞ്ഞ മനസിനുള്ളിൽ നിന്ന് അയാളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്ന ഹരൺ ഷങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റ്. റ്റെനറ്റ് എന്ന സിനിമയെ ഓർമിപ്പിക്കും വിധം കയ്യിലേക്ക് ഒരു റിവേഴ്‌സ് മോഡിൽ വരുന്ന ഗൺ, ഗംഭീര ചെയ്‌സിങ് സീനുകൾ. ഐഡന്റിറ്റിയുടെ ട്രെയ്‌ലറും ടീസറും പ്രതീക്ഷകൾക്കൊപ്പം തന്നെ വ്യത്യസ്തമായൊരു സിനിമാനുഭവം എന്ന ഉറപ്പാണ് നൽകുന്നത്. 2025ല്‍ ആദ്യ മലയാളം റിലീസായി ടൊവിനോയുടെ ഐഡന്റിറ്റി എത്തുമ്പോള്‍ ചിത്രം കാണാനുള്ള കാരണങ്ങൾ നിരവധിയാണ്.
അൻപത് സിനിമകൾ, വ്യത്യസ്തമായ വേഷങ്ങൾ. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോഴും പരീക്ഷണങ്ങൾക്ക് തന്നെ വിട്ടുകൊടുത്ത് പ്രേക്ഷകർക്ക് പുതുമ നൽകാനുള്ള ധൈര്യം. ഐഡന്റിറ്റിയെന്ന അൻപത്തിയൊന്നാം സിനിമയുമായി ടൊവീനോയെത്തുമ്പോൾ അത് വന്‍ വിജയം നേടിയ മണിയനിൽ നിന്നും അജയനിൽ നിന്നും എല്ലാം വ്യത്യസ്തമാകുമെന്നത് ഉറപ്പാണ്.

വളരെ ഓർഗനൈസ്ഡ് ആയി പെരുമാറുന്ന ലുക്കിലും നടത്തിലും പോളിഷ്ഡ് ആയ ഫീൽ നൽകുന്ന കഥാപാത്രമാണ് ടൊവിനോയുടെ ഹരൺ ഷങ്കർ എന്ന് ട്രൈലറിലൂടെ വ്യക്തമാണ്. അജയന്റെ രണ്ടാം മോഷണം എന്ന വലിയ വിജയത്തിന് ശേഷം ഫോറെൻസിക്ക് എന്ന മറ്റൊരു ഹിറ്റ് സിനിമയുടെ സംവിധായകരുമായി ടൊവീനോയെത്തുമ്പോൾ അടുത്ത മികച്ചൊരു കഥാപാത്രം തന്നെയാകും അത് എന്നതിൽ സംശയമില്ല.
തമിഴിലെ സെൻസേഷണൽ നായിക. സിനിമയിലെത്തി വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന തൃഷയുടെ സാന്നിധ്യം ഐഡന്റിറ്റിക്ക് നൽകുന്ന ഹൈപ്പ് ചെറുതൊന്നുമല്ല. പുറത്തുവന്ന ട്രെയ്‌ലറും ടീസറും കാണുമ്പോൾ ശക്തമായ വേഷം തന്നെയാകും തൃഷയുടെ അലീഷ എന്നത് ഉറപ്പാണ്. കൊലയാളിയെ തേടിയുള്ള ഹരൺ ഷങ്കറിന്റെ യാത്രയിൽ അലീഷക്കും പ്രാധാന്യമുണ്ടാകും. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തൃഷ മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് ഐഡന്റിറ്റി.

വിനയ് റായ്, മന്ദിര ബേദി തുടങ്ങി അന്യഭാഷയിൽ സെൻസേഷൻ ആയ അഭിനേതാക്കൾ ഐഡന്റിറ്റിയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കാസ്റ്റുകൊണ്ടും ശക്തമാണ് സിനിമ. ആക്ഷൻ പശ്ചാത്തലത്തിൽ ഉള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി എന്നാണ് സംവിധായകരിൽ ഒരാളായ അഖിൽ പോൾ സിനിമയെക്കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തിൽ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്നും സംവിധായകൻ പറയുമ്പോൾ ട്രൈലറിനേക്കാള്‍ കനത്ത സർപ്രൈസുകൾ സിനിമയിൽ ഉണ്ടാകും.
സ്ഥിരം കണ്ടുമടുത്ത ശൈലിയിൽ നിന്നുമാറി വളരെ സ്റ്റൈലൈസിഡ് ആയ ആക്ഷൻ സീനുകൾ ആകും സിനിമയുടെ ഹൈലൈറ്റ്. ട്രെയ്ലറിൽ ഫ്ളൈറ്റിനകത്തുള്ള ഒരു ഫൈറ്റ് സീക്വൻസ് കാണാനാകും, ഒപ്പം ഹാൻഡ് ടു ഹാൻഡ് കോമ്പാക്റ്റുകളും ചേസുകളുമെല്ലാം കൂടിച്ചേരുമ്പോൾ സസ്പെൻസിനും ഇൻവെസ്റ്റിഗേഷനും ഒപ്പം കട്ട ആക്ഷനും സിനിമയിലുണ്ടാകും. ജവാൻ പോലെയുള്ള ബിഗ് ബജറ്റ് സിനിമകൾക്ക് ആക്ഷൻ കൈകാര്യം ചെയ്തിട്ടുള്ള യാനിക് ബെൻ ആണ് ഐഡന്റിറ്റിയുടെ സ്റ്റണ്ട് ഡയറക്ടർ.

നിലവിൽ ബിജിഎമ്മുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീതം. അടുത്തിടെ സരിപോദാ ശനിവാരം പോലെയുള്ള കൊമേർഷ്യൽ സിനിമകളിൽ മികച്ച പശ്ചാത്തല സംഗീതമൊരുക്കി പ്രേക്ഷകരെ ഞെട്ടിച്ച ജേക്സ് ബിജോയ് ഐഡന്റിറ്റിയിലും ഞെട്ടിക്കുമെന്നത് ടീസറിലും ട്രൈലറിലും നിന്ന് വ്യക്തമാണ്. ആക്ഷൻ സീനുകളെയും ഇൻവെസ്റ്റിഗേഷനെയും അതിന്റെ ശരിയായ മൂഡിൽ പ്രേക്ഷകന്റെ ഉള്ളിലേക്ക് എത്തിക്കാൻ ജേക്സിന് ആകുമെന്നത് തീർച്ച.
മികച്ച സിനിമകളും ബോക്സ് ഓഫീസ് കളക്ഷനുകളും കൊണ്ട് വിജയകുതിപ്പ് തുടരുന്ന മലയാള സിനിമയുടെ മറ്റൊരു മികച്ച വർഷമാകട്ടെ 2025 . അതിൽ ആദ്യ അക്കൗണ്ട് തുറക്കുന്നത് ടൊവിനോയുടെ ഐഡന്റിറ്റിയാകട്ടെ. കോടി ക്ലബ്ബുകൾ മലയാളത്തിലെ സ്ഥിരം കാഴ്ചയായിക്കൊണ്ടിയിരിക്കുന്ന ഈ സമയത്ത് ഐഡന്റിറ്റിക്കും ആ ക്ലബ്ബില്‍ ഇടം പിടിക്കാനാകട്ടെ.
Content Highlights: Reasons to watch to Tovino's Identity in theatre