
ഫോർമുല വൺ കാർ ഓട്ടമത്സരത്തിനിടെയിലെ ഓരോ നിമിഷവും മരണം മുന്നിൽകണ്ട ഒരാൾ. കഴിഞ്ഞ പത്ത് വർഷമായി അയാൾ റേസിംഗ് ട്രാക്കുകളിൽ ഇല്ല. സ്വന്തം പങ്കാളിയുടെ ഒപ്പമാണ് കഴിഞ്ഞ പത്തുകൊല്ലമായി ഷൂമാക്കർ. എന്നാൽ ഇതൊരു സ്നേഹബന്ധത്തിന്റെ കഥയല്ല. ഏഴ് തവണ ഫോർമുല വൺ ലോകചാമ്പ്യനായ ജർമ്മൻ താരം മൈക്കൽ ഷൂമാക്കർ ലോകത്തുനിന്ന് അകന്നുപോയതിന്റ കഥയാണ്. ഇന്ന് ഷൂമാക്കറിൻ്റെ 55-ാം പിറന്നാളാണ്, ഓർമ്മകളുടെ കണ്ണിവിട്ടു പോയ പത്താം പിറന്നാൾ.
ഫ്രാന്സിലെ ആല്പ്സ് പര്വതനിരയിലെ മഞ്ഞുപാളികളില് മകന് മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുകയായിരുന്നു ഷൂമാക്കർ. പര്വതമിറങ്ങവേ നിയന്ത്രണംവിട്ട് വീണ ഷൂമാക്കറുടെ തല പാറയിലിടിച്ചു. ഹെൽമറ്റ് ഉണ്ടായിരുന്നിട്ടും ഇടിയുടെ ആഘാതം തലയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ചു. വിമാനമാർഗം ഷൂമാക്കറെ ആശുപത്രിയിലെത്തിച്ചു. രണ്ട് ശസ്ത്രക്രീയകൾക്കൊടുവിൽ ജീവൻ തിരിച്ചുപിടിച്ചു. പക്ഷേ ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായി.
അതിസാഹസികമായ റേസിങ്ങ് ട്രാക്കിലെ വേഗരാജാവായിരുന്നു ഷൂമാക്കർ. എന്നാൽ ഷൂമാക്കറെ അപകടം തേടിയെത്തിയത് റേസിങ്ങ് ട്രാക്കിൻ്റെ പുറത്തുവച്ചായിരുന്നു. റേസിങ്ങ് ട്രാക്കിനെ സംബന്ധിച്ച് മൂന്ന് പതിറ്റാണ്ടിനിടയിൽ ഒരു ദുരന്തം മാത്രമാണ് ഓർമ്മയിലുള്ളത്. 1994ൽ ബ്രസീലിയൻ ഫോർമുല വൺ ഡ്രൈവർ അയർട്ടൻ സെന്ന റേസിംഗ് ട്രാക്കിൽ മരണത്തിന് കീഴടങ്ങി. സെന്നയുടെ കാർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
1950കളിലാണ് ഫോർമുല വൺ ലോകചാമ്പ്യൻഷിപ്പിന് തുടക്കമായത്. 30ലധികം ഡ്രൈവർമാർ ഫോർമുല വൺ ചാമ്പ്യന്മാരായി. അതിൽ 15ഓളം പേർക്ക് ഒന്നിലധികം ചാമ്പ്യൻഷിപ്പുകളുണ്ട്. പക്ഷേ ഏഴ് തവണ ലോകചാമ്പ്യൻഷിപ്പ് നേടിയ താരങ്ങൾ രണ്ട് പേരാണ്. അതിൽ ഒരാൾ മൈക്കൽ ഷൂമാക്കർ. ഒപ്പമുള്ളത് ബ്രിട്ടന്റെ ലൂയിസ് ഹാമില്ട്ടനാണ്.
1969 ജനുവരി മൂന്നിനാണ് ഷൂമാക്കറുടെ ജനനം. കാർ ട്രാക്ക് ഇഷ്ടപ്പെടുന്ന പിതാവും സഹോദരനുമുള്ള കുടുംബത്തിൽ മൈക്കൽ ഷൂമാക്കറും അതേവഴിയിൽ സഞ്ചരിച്ചു. നാല് വയസുള്ളപ്പോൾ തന്നെ കുഞ്ഞു ഷൂമി തൻ്റെ ഡ്രൈവിങ്ങ് പ്രിയം അറിയിച്ചുകഴിഞ്ഞിരുന്നു. 1984ൽ ഷൂമാക്കർ ജർമൻ ജൂനിയർ ഗോ–കാർട്ട് ചാംപ്യനായി. 1987ൽ യൂറോപ്യൻ കാർട്ട് ചാമ്പ്യൻഷിപ്പ് വിജയിച്ചു. 1990ൽ ജർമൻ എഫ് 3 ചാമ്പ്യൻഷിപ്പും ഷൂമാക്കർ സ്വന്തമാക്കി. അതേവർഷം ജോർഡാനു വേണ്ടി എഫ് 1 മത്സരത്തിനും ഷൂമാക്കർ ഇറങ്ങി. തൊട്ടടുത്ത വർഷം ബെനട്ടൻ ഷൂമാക്കറെ സ്വന്തമാക്കി. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തി തന്റെ പ്രതിഭയെ ഷൂമാക്കർ തെളിയിച്ചുകൊടുത്തു.
1994ൽ ആദ്യമായി ഫോർമുല വൺ ലോകചാമ്പ്യൻഷിപ്പിൽ ഷൂമാക്കറുടെ പേര് എഴുതപ്പെട്ടു. വിജയിക്കുമ്പോഴെല്ലാം എതിരാളികളെ അയാൾ ബഹുദൂരം പിന്നിലാക്കി. 2006ൽ ഷൂമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. അപ്പോഴേയ്ക്കും 91 ട്രാക്കുകളിൽ അയാൾ വിജയങ്ങൾ സ്വന്തമാക്കിയിരുന്നു. 2009ൽ വീണ്ടും തിരിച്ചുവന്നു. പക്ഷേ രണ്ടാം വരവ് അത്ര മികച്ചതായിരുന്നില്ല. എന്നിട്ടും 2023 പിന്നിടുമ്പോൾ ലൂയിസ് ഹാമിൽട്ടണ് മാത്രമെ അയാളെ പിന്നിലാക്കാൻ കഴിഞ്ഞിട്ടൊള്ളു. 103 ട്രാക്കുകളിൽ ഹാമിൽട്ടൺ വിജയിയായി. ഇപ്പോഴത്തെ താരങ്ങളിൽ നെതർലൻഡ്സിന്റെ മാക്സ് വേർസ്റ്റപ്പൻ ഷൂമാക്കറുടെ നേട്ടങ്ങളെ പിന്നിലാക്കിയേക്കാം.
ഫോർമുല വണിലെ എക്കാലത്തെയും മികച്ച ഡ്രൈവർമാരിൽ ഒരാളായ ഷൂമാക്കറിന് ഇങ്ങനെ ഒരു ജീവിതം ഉണ്ടാകാൻ പാടില്ലായിരുന്നു. ആ ദുരന്തം നടന്ന് 10 വർഷം പിന്നിട്ടു. ഇപ്പോൾ ഷൂമാക്കറുടെ മകൻ മിക്ക് ഷൂമാക്കർ ട്രാക്കിലെത്തിയിട്ടുണ്ട്. പക്ഷേ മൈക്കൽ ഷൂമാക്കർ ഇതൊന്നും അറിയുന്നുണ്ടാവില്ല. ഡോക്ടർമാർ ഇപ്പോൾ മെഴ്സിഡസ് ബെൻസ് കാറുകളെ ശബ്ദം ഷൂമാക്കറെ കേൾപ്പിക്കും. തലച്ചോർ ഉത്തേജിപ്പിക്കാനുള്ള ശ്രമം. ഉടനെ ഷൂമാക്കർ ജീവിതത്തിലേക്ക് തിരികെ വരട്ടെ.