
പരാജയത്തിൽ നിന്ന് തുടങ്ങി തമിഴ് മക്കളുടെ ദളപതിയായ വിജയ്യുടെ സിനിമ ജീവിതം തന്നെ ധാരാളമാണ് അദ്ദേഹം സിനിമയ്ക്ക് നൽകിയത് എന്താണെന്ന് മനസിലാക്കാൻ. ആദ്യ ചിത്രത്തിന് ശേഷം ഇനി ഒരു സിനിമ ജീവിതം ഇയാളെ കൊണ്ടുണ്ടാകില്ല എന്നു പറഞ്ഞവരെ കൊണ്ട് സൂപ്പർ താരമെന്നും ഇളയ ദളപതി എന്നും സൗത്ത് ഇന്ത്യൻ സിനിമയുടെ സാമ്രാട്ട് എന്നും ഒടുവിൽ ദളപതി എന്നും വിളിപ്പിച്ച നടൻ വിജയ് അല്ലാതെ മറ്റാര്. നിർമ്മാതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറിന്റെ മകനായല്ല സ്വയം ആർജിച്ചെടുത്ത കരുത്ത് കൊണ്ടും തുടരെ തുടരെ താൻ നേരിട്ട പരാജയത്തിൽ നിന്നും ഊർജം പകർന്നെടുത്ത നായകനായാണ് ജനമനസുകളിലേക്ക് വിജയ് ഇറങ്ങിച്ചെന്നത്.
വളരെ ഊർജസ്വലനായ, ആക്ടീവ് ആയ മിടുക്കനായ കുട്ടി തന്റെ സഹോദരിയുടെ മരണത്തോടെ തകർന്നു പോവുകയായിരുന്നു. മകളുടെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് അച്ഛനായ ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കും കരകയറാനായെങ്കിലും വിജയ്യെ സംബന്ധിച്ചിടത്തോളം അത് തന്നെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറത്തേക്ക്, ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് വരെ എത്തിച്ചു. ഒറ്റയ്ക്കൊരു മുറിയിൽ അടച്ചിരുന്നു ആരോടും മിണ്ടാത്ത തന്റെ മകനെ പുറത്തേക്ക് കൊണ്ടുവരിക എന്നതും മാതാപിതാക്കൾക്ക് വലിയ വെല്ലുവിളിയായിരുന്നു. അതിനുള്ള ചന്ദ്രശേഖറിന്റെ അവസാന മാർഗമായിരുന്നു സിനിമ.
ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ 1984-ൽ ഒരുങ്ങിയ 'വെട്രി' എന്ന ചിത്രത്തിൽ ഒരു ബാലതാരത്തിനെ ആവശ്യമായി വന്നപ്പോൾ അദ്ദേഹം മറുത്തൊന്നു ചിന്തിക്കാതെ തന്റെ മകനെ സിനിമയിൽ അഭിനയിപ്പിച്ചു. അന്ന് രണ്ടുമനസിൽ ഫ്രെയ്മിലെത്തി. 1988 വരെ വിജയ് ബാലതാരമായി വേഷമിട്ടു. എന്തുകൊണ്ട് തനിക്ക് ഒരു നടനായിക്കൂടെ എന്ന് സ്വയം ചിന്തിച്ചു തുടങ്ങുന്നത് വിജയ്യുടെ കോളേജ് പഠനകാലത്താണ്. ആ ആഗ്രഹം പിതാവിനെ അറിയിച്ചു. സിനിമ മേഖലയിൽ നിൽക്കുക എന്നതിന് പുറമെ നിന്ന് കാണുന്നതു പോലെ അല്ല എന്നും നല്ല വശങ്ങളേക്കാളേറെ മോശം വശങ്ങളും സിനിമ മേഖലയിൽ ഉണ്ട് എന്നുമാണ് വിജയ്ക്ക് ചന്ദ്രശേഖർ പറഞ്ഞു കൊടുത്തത്. ഒപ്പം വിജയ് സിനിമയിൽ വരുന്നതിനോട് താത്പര്യമില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.
എല്ലാം തീരുമാനിച്ചുറപ്പിച്ച വിജയ് അച്ഛന്റെ ഉപദേശങ്ങളൊന്നും ചെവികൊണ്ടില്ല എന്നുമാത്രമല്ല, വിജയ്യുടെ തീരുമാനത്തിന് മുന്നിൽ ചന്ദ്രശേഖറിന് തോറ്റുകൊടുക്കേണ്ടി വന്നു. പിന്നീട് ട്രയലായിരുന്നു. ഒന്ന് രണ്ട് രംഗങ്ങൾ പിതാവ് വിജയ്യെ കൊണ്ട് അഭിനയിപ്പിച്ചു നോക്കിയപ്പോൾ തന്നെ മനസിലായി വിജയ്യുടെ കരിയർ സിനിമ തന്നെയാണ് എന്ന്.
1992, ഡിസംബർ നാലിന് ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ 'നാളൈയ തീർപ്പ്' എന്ന ചിത്രം പുറത്തിറങ്ങുന്നു. പിതാവിന്റെ പടം എന്ന കംഫർട്ട് സോണിൽ നിന്നുകൊണ്ട് തന്നെയാണ് വിജയ് എന്ന നായകനെ തമിഴ് സിനിമയക്ക് അവതരിപ്പിച്ചത് എങ്കിലും ജനങ്ങൾ പുതിയ നടനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നുമാത്രമല്ല, ഇവനെ പോലൊരുവൻ തമിഴ് സിനിമയിൽ നിലനിൽക്കില്ല എന്നുവരെ സിനിമ കണ്ട പ്രേക്ഷകർ എഴുതി തള്ളി. സിനിമയെ കുറിച്ചുള്ള എതിർപ്പുകളേക്കാൾ നടനെ അംഗീകരിക്കാൻ സാധിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. നെഗറ്റീവ് കമന്റ്സുകൾ വിജയ്യെ തളർത്തി, താൻ വീണ്ടും നിരാശയിലകപ്പെട്ടു പോകുമോ എന്ന പേടി മാതാപിതാക്കളെ വീണ്ടും അലട്ടി. എന്നാൽ തിരിച്ചറിവിന്റെ, യാഥാർഥ്യത്തിന്റെ മുന്നിൽ വിജയ്ക്ക് തോറ്റു കൊടുക്കാൻ മനസില്ലായിരുന്നു.
തനിക്കൊരു കരിയർ ഉണ്ടെങ്കിൽ അത് സിനിമയാണെന്ന് തീരുമാനിച്ചുറപ്പിച്ച ഒരു യുവാവിന് എത്ര ദൂരം പോകാൻ കഴിയും, അതിനും തയ്യാറായിരുന്നു വിജയ് എന്ന് തെളിയിക്കുന്നതായിരുന്നു മുന്നോട്ടുള്ള ജീവിതം. ആദ്യ സിനിമ തനിക്കുണ്ടാക്കിയ മോശം ഇമേജ് വിജയ് തിരിച്ചു പിടിക്കാൻ ആരംഭിക്കുന്നത് 1994-ൽ 'രസിഗൻ' എന്ന ചിത്രത്തിലൂടെയാണ്. വിജയ്യുടെ ബ്രേക് ത്രൂ... അപ്പോഴും തനിക്ക് മുകളിൽ പറക്കുന്ന ഒരുപാട് സൂപ്പർ താരങ്ങൾ തമിഴ് ഇൻഡസ്ട്രിയിലുണ്ടായിരുന്നു.
2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന ചിത്രം സൂപ്പർ സ്റ്റാർ പദവിയിലേക്ക് വിജയ്യെ എത്തിച്ചു. അഭിനയ മികവുകൊണ്ടും സ്ക്രീൻ പ്രസൻസ് കൊണ്ടും ഒരുപാട് മാറ്റങ്ങൾ വരുത്തി വിജയ് സിനിമിയിൽ ഇളയ ദളപതിയായി എത്തുമ്പോൾ തന്നെ വിമർശിച്ചവർ പോലും നടനെ വാഴ്ത്തി. പ്രശസ്ത അമേരിക്കൻ മാഗസീനായ ഫോർബ്സിൽ പോലും ഒന്നിലധികം തവണ, വിജയങ്ങൾ കൊയ്ത വിജയ്യെ അടയാളപ്പെടുത്തി.
വിജയ സിനിമകൾ മാത്രം നൽകിയ നായകനായിരുന്നില്ല വിജയ്. പരാജയങ്ങളുടെ ഒരു വലിയ പുസ്തകം തന്നെ അദ്ദേഹത്തിനുണ്ടായിട്ടും കൂടുതൽ ആർജവത്തോടെ തിരിച്ചു വരാൻ മാത്രമേ വിജയ് എക്കാലാവും പ്രയത്നിച്ചിട്ടുള്ളു. അതിന് തന്നെ പഠിപ്പിച്ചത് ആദ്യ സിനിമയാണ് എന്ന കാര്യത്തിൽ തർക്കമില്ല. തന്റെ സ്വപ്നങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് വിജയ് തമിഴ് ഇൻഡസ്ട്രിക്ക് തന്നെ അഭിമാനമാകുമ്പോൾ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ഇരുകൈകളും കൂപ്പി തന്റെ ആരാധകർക്കു മുന്നിൽ സാധാരണ മനുഷ്യനെ പോലെ നിൽക്കുകയാണ് അദ്ദേഹം.
വിജയ് പോരാടിയത് തന്നോടു തന്നെയാണ്, അതുകൊണ്ടാണ് തനിക്കിന്ന് ഉയരത്തിലെത്താൻ സാധിച്ചത് എന്ന് അദ്ദേഹം തന്നെ അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ 31 വർഷത്തിനിടെ വിജയ് തമിഴ് ജനതയെ പഠിപ്പിച്ച പാഠമുണ്ട്, ''ഫ്ലൈ എബൗ ദ നെഗറ്റിവിറ്റി''. നമ്മളെ തകർക്കാനും തളർത്താനും ആര് ശ്രമിച്ചാലും അതിന് ചെവികൊടുക്കാതെ അത്ക്കും മേലെ പറക്കുക.
ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും അധികം വിലയുള്ള താരമാണ് വിജയ്, ഏറ്റവും അധികം സമ്പാദിക്കുന്ന താരം, തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും വലിയ കളക്ഷൻ കൊണ്ടുവന്ന താരം. അപ്പോഴും വിജയ്ക്ക് പറയാനുള്ളതിങ്ങനെ,
നമ്മളെ കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതിനെ വിജയം എന്നു പറയാൻ കഴിയില്ല, നമുക്ക് വിജയിക്കാൻ കഴിയില്ല എന്ന് തോന്നുന്നതിന് വേണ്ടി പരിശ്രമിച്ചാൽ, അതു തന്നെയാണ് നമ്മുടെ വിജയം....വിജയ്