'ഞങ്ങളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടിയവരോട് നന്ദി'; ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി
17 March 2023 8:04 PM GMT
ഫിൽമി റിപ്പോർട്ടർ

ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോയ്ക്കെതിരെയാണ് കോപ്പിയടി ആരോപണം ഉയർന്നത്. തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിർമാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
'സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ അപ്ഡേറ്റുകൾക്കായി ഇവിടം സന്ദർശിക്കുക.'
ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചർച്ചാ ഗ്രൂപ്പായ മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.
ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനർ ചെയ്തിരിക്കുന്നതെന്നും മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്മോൻ വാഴയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിർമ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതിൽ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്മോൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
STORY HIGHLIGHTS: Mammootty Kampany ready to change logo after plagiarism allegations