Top

30 വ്യത്യസ്ത ലുക്കില്‍ മമ്മൂക്ക; 'ഭീഷ്മപര്‍വ്വം' ഫാന്‍ മേഡ് പോസ്റ്റര്‍

അമല്‍ നീരദും മമ്മൂട്ടിയും ഫാന്‍ മേഡ് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു

19 Nov 2021 1:43 PM GMT
ഫിൽമി റിപ്പോർട്ടർ

30 വ്യത്യസ്ത ലുക്കില്‍ മമ്മൂക്ക; ഭീഷ്മപര്‍വ്വം ഫാന്‍ മേഡ് പോസ്റ്റര്‍
X

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഫാന്‍ മേഡ് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് അമല്‍ നീരദും മമ്മൂട്ടിയും. മമ്മൂട്ടിയുടെ പല രൂപത്തിലും ഭാവത്തിലുമുള്ള മുപ്പത് പോസ്റ്ററുകളാണ് ഉള്ളത്. പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ്ങിന് ശേഷം മമ്മൂട്ടി സംവിധായിക രത്തീനയുടെ പുഴുവില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

Next Story

Popular Stories