'സൂപ്പർ സ്റ്റാറിന്റെ മകനാണെന്ന് ഭാവമില്ല, ദുൽഖറിന്റെ വിനയമാണ് ഏറ്റവും വലിയ വിജയം,'പുകഴ്ത്തി അല്ലു അർജുൻ

എനിക്ക് ദുൽഖർ സൽമാനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മലയാളത്തിലാണ് കണ്ടത്. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയർ എങ്ങനെയാണ് വളർന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

'സൂപ്പർ സ്റ്റാറിന്റെ മകനാണെന്ന് ഭാവമില്ല, ദുൽഖറിന്റെ വിനയമാണ് ഏറ്റവും വലിയ വിജയം,'പുകഴ്ത്തി അല്ലു അർജുൻ
dot image

നടൻ ദുൽഖർ സൽമാന്റെ അഭിനയമികവിനെയും സിനിമാ തെരഞ്ഞെടുപ്പുകളെയും വാനോളം പുകഴ്ത്തി ടോളിവുഡ് താരം അല്ലു അർജുൻ. ദുൽഖറിന്റെ കരിയർ വളർച്ച വളരെ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുണ്ടെന്നും, ഒരു സ്റ്റാർ കിഡിന്റെ യാതൊരുവിധ പ്രഭാവവും പ്രകടിപ്പിക്കാത്ത അദ്ദേഹത്തിന്റെ വിനയമാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും അല്ലു അർജുൻ വ്യക്തമാക്കി. നവംബർ 20ന് റിലീസ് ചെയ്യുന്ന ആകാശം ലോ ഒകതാരയുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ.

‘എനിക്ക് ദുൽഖർ സൽമാനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മലയാളത്തിലാണ് കണ്ടത്. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയർ എങ്ങനെയാണ് വളർന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളത്തിൽനിന്ന് തമിഴിലെത്തി മണിരത്നത്തെപ്പോലെയുള്ള മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. പിന്നീട് തെലുങ്കിലെത്തി മഹാനടി, സീതാരാമം, ലക്കി ഭാസ്കർ തുടങ്ങിയ മികച്ച സിനിമകൾ ചെയ്തു. ആ ഹിറ്റ് ലിസ്റ്റ് തുടർന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ അല്ലു അർജുൻ പറഞ്ഞു.

‘വളരെ വെർസറ്റൈലായ അഭിനേതാവാണ് അദ്ദേഹം. അതുപോലെതന്നെ വളരെ സ്വീറ്റ് പേഴ്സണുമാണ്. എനിക്ക് അദ്ദേഹവുമായി വലിയ പരിചയമൊന്നുമില്ല. പക്ഷേ എപ്പോൾ കണ്ടാലും പണ്ടുമുതലേ അറിയുന്ന ഒരാളെപ്പോലെയാണ് തോന്നുക,’ അല്ലു അർജുൻ പറഞ്ഞു. ‘നിങ്ങൾക്കെല്ലാവർക്കും അറിയാം, അദ്ദേഹം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകനാണ്. പക്ഷേ ഒരു സ്റ്റാർ കിഡ് എന്നതിന്റെ യാതൊരു പ്രഭാവവും അദ്ദേഹം മറ്റുള്ളവരെ അനുഭവിപ്പിക്കാറില്ല.

എല്ലാവരോടും വളരെ ലളിതമായും വിനയത്തോടെയുമാണ് പെരുമാറുന്നത്. ആ നല്ല ഗുണങ്ങളാണ് അദ്ദേഹത്തിന് ഇത്രയധികം ഇമേജും വിജയവും നേടിക്കൊടുക്കുന്നത്. ദുൽഖർ, ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാൻ നിങ്ങൾക്ക് കഴിയട്ടെ. നിങ്ങളിൽനിന്ന് കൂടുതൽ സിനിമകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു,’ അല്ലു അർജുൻ പറഞ്ഞു. ലോക പോലെയുള്ള മികച്ച ചിത്രത്തിൽ ചെറിയൊരു കാമിയോ വേഷത്തിലും ദുൽഖർ എത്തിയ കാര്യം അദ്ദേഹം പരാമർശിച്ചു. മലയാളി താരങ്ങളിൽ തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ദുൽഖറെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.

Content Highlights:  Actor Allu Arjun expresses admiration for Dulquer Salmaan's career growth and his choice of films. He highlights the Malayalam actor's journey and the way he has built his career in Indian cinema.

dot image
To advertise here,contact us
dot image