

അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തിയ ചിത്രമാണ് 'പ്ലൂട്ടോ'. തിയേറ്ററിൽ മികച്ച അഭിപ്രായം നേടി ചിത്ര പ്രദർശനം തുടരുകയാണ്. ഏവറേജ് അമ്പിളി എന്ന സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രമാണ് പ്ലൂട്ടോ. ഇപ്പോഴിതാ സിനിമയിലേക്ക് അൽത്താഫ് സലിം ചെയ്ത റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ബേസിൽ ജോസഫിനെ ആയിരുന്നുവെന്ന് പറയുകയാണ് നീരജ് മാധവ്.
‘ആദ്യം മുതലേ ‘പ്ലൂട്ടോ’യുടെ ചർച്ചകളിൽ ഉയർന്നുവന്ന പേരുകളിലൊന്നായിരുന്നു അൽത്താഫിന്റേത്. അദ്ദേഹത്തിന് ആ കഥാപാത്രം ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. ചില പ്രത്യേക മീറ്ററിലുള്ള പ്രകടനമാണ് ഈ സിനിമയ്ക്ക് ആവശ്യമായിരുന്നത്. മുൻപ് അദ്ദേഹം ചെയ്ത ഏതെങ്കിലും സിനിമയിലെ പ്രകടനം കണ്ടായിരിക്കാം ഞങ്ങൾക്ക് ആ വിശ്വാസം വന്നത്; അതിനൊരു കൃത്യമായ ഉത്തരം പറയാൻ കഴിയില്ല.
സിനിമയുടെ ആദ്യ ഘട്ടത്തിൽ ബേസിൽ ജോസഫിനെയായിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. അദ്ദേഹത്തോട് കഥ പറയുകയും ചെയ്തിരുന്നു. എന്നാൽ അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ ഒന്നര വർഷം കാത്തിരിക്കാനാണ് ബേസിൽ അന്ന് പറഞ്ഞത്. അങ്ങനെയാണ് അൽത്താഫിലേക്ക് എത്തിയത്. ബേസിലാണ് അഭിനയിച്ചതെങ്കിൽ സിനിമയുടെ മീറ്റർ മറ്റൊന്നായേനേ. എന്നാൽ അൽത്താഫ് ഇതിൽ വേറൊരു ശൈലിയാണ് പിടിച്ചിരിക്കുന്നത്, അത് വളരെ നന്നായി വർക്ക് ആയിട്ടുമുണ്ട്.’ നീരജ് മാധവ് പറഞ്ഞു.
നീരജിനും അൽത്താഫിനുമൊപ്പം ആർഷ ബൈജു, അജു വർഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ശർമ ക്യാമറയും സനത് ശിവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ARCADO ആണ്. ആദിത്യന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം മൾട്ടിവേഴ്‌സ് മന്മഥനാണ്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Neeraj Madhav has shared that Basil Joseph was originally the first choice for Pluto. The actor opened up about the film's casting process, offering fans a fresh behind-the-scenes insight into how the makers finalized the lead roles in the Malayalam sci-fi comedy.