

ഇന്ത്യയ്ക്കെതിരായ നാട്ടിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമില്‍ പരിക്കിന്റെ ആശങ്കകള്‍ക്കിടയിലും പ്രമുഖ താരങ്ങളായ രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വേ, ടോം ബ്ലണ്ടല്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഇരു ടീമുകള്‍ക്കും ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ നേടാന്‍ ഈ പരമ്പര ഏറെ നിര്‍ണ്ണായകമാണ്.
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബര്‍ 19-നാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് വെല്ലിംഗ്ടണിലും രണ്ടാമത്തെ ടെസ്റ്റ് നവംബര്‍ 27 മുതല്‍ ക്രെസ്റ്റ്ചര്‍ച്ചിലും നടക്കും. സീനിയര്‍ താരം ടോം ലാഥമാണ് 14 അംഗ ടീമിനെ നയിക്കുന്നത്. ക്വാഡ്രിസെപ്‌സ് പരിക്കിലുള്ള ടോം ബ്ലണ്ടല്‍, തലയേ്ക്ക് ഏറ്റ ആഘാതത്തില്‍ നിന്ന് മുക്തനാകുന്ന ഡെവണ്‍ കോണ്‍വേ, തോളിന് പരിക്കേറ്റ രചിന്‍ രവീന്ദ്ര എന്നിവരെ പരിക്കിന്റെ ആശങ്കകള്‍ നിലനില്‍ക്കെത്തന്നെ ബ്ലാക്ക് ക്യാപ്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2024-ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന പരമ്പരയില്‍ ന്യൂസീലന്‍ഡ് 3-0-ന് ഇന്ത്യയെ അട്ടിമറിച്ചതിന് ശേഷം ഇരു ടീമുകളും ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. അടുത്ത വര്‍ഷം ദി ഓവലില്‍ നടക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റെയ്‌സില്‍ ഇരു ടീമുകളും സജീവമായി രംഗത്തുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവില്‍ ന്യൂസീലന്‍ഡ്. റണ്ണേഴ്‌സ് അപ്പായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും ഇന്ത്യ നാലാം സ്ഥാനത്തുമാണ്.
ഈയിടെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന് സമാനമാണ് നിലവിലെ ബ്ലാക്ക് ക്യാപ്‌സ് ടീം. പേസര്‍ ജേക്കബ് ഡഫി ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബെന്‍ സിയേഴ്‌സ്, സാക്ക് ഫൗള്‍ക്‌സ്, വില്‍ ഒറൂര്‍ക്ക് എന്നിവര്‍ പുറത്തായി. പരിക്കും വര്‍ക്ക് ലോഡുമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണം. 2021-ല്‍ കന്നി ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയ ശേഷം ആദ്യമായി ഫൈനലില്‍ എത്താന്‍ ലക്ഷ്യമിടുന്ന ന്യൂസീലന്‍ഡിന് ഈ പരമ്പര എത്രത്തോളം പ്രധാനമാണെന്ന് കോച്ച് റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി.
''ബ്ലാക്ക് ക്യാപ്‌സിനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു ടെസ്റ്റ് ക്രിക്കറ്റ് സീസണിന്റെ തുടക്കമാണ് ഈ പരമ്പര'' -വാള്‍ട്ടര്‍ പറഞ്ഞു. ''ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടില്‍ മത്സരിച്ച ടീമുമായി ഏറെ സമാനതകളുള്ളതാണ് ഈ സ്‌ക്വാഡ്. അതിനാല്‍ നാട്ടിലെ സാഹചര്യങ്ങളില്‍ ആ വിജയം ആവര്‍ത്തിക്കാന്‍ ഒന്നിക്കുന്നതില്‍ സന്തോഷമുണ്ട്. വൈറ്റ് ബോള്‍ പരമ്പരയില്‍ മികച്ച കാണികളുടെ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു, ടെസ്റ്റിലും ആ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.''
''ഇതുമുതല്‍ മാര്‍ച്ച് വരെ 10 ടെസ്റ്റുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ റെഡ് ബോള്‍ ആരാധകര്‍ക്ക് ക്രിക്കറ്റിന്റെ ഒരു കുറവും ഉണ്ടാകില്ല. ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ പ്രധാനമാണ്, എങ്കിലും ഇന്ത്യയെപ്പോലുള്ള ഒരു ശക്തമായ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡ് ടീം
ടോം ലാഥം (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, നാഥന്‍ സ്മിത്ത്, ബ്ലെയര്‍ ടിക്‌നര്‍, വില്‍ യങ്.
content highlights: Rachin Ravindra & Devon Conway Return: New Zealand Announces Test Squad