

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ. ഒരുപിടി പുതുമുഖങ്ങൾ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ജൂൺ 19 ന് ബാലൻ പുറത്തിറങ്ങും. ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് ബാലൻ. മെയ് 14 ന് രാത്രി എട്ട് മണിക്കാണ് ബാലന്റെ പ്രദർശനം. വെങ്കട് കെ നാരായണ നേതൃത്വം നൽകുന്ന കെ വി എൻ പ്രൊഡക്ഷൻസ്, എഴുത്തുകാരനായ ടി ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന സിനിമയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
Mark the date. 🎬✨#BalanTheBoy releases worldwide in cinemas on 19th June 2026 in Malayalam, Hindi, Telugu, Tamil & Kannada.@KvnProductions @thespianfilms_ @ShailajaD #SatishFenn @SUPRITH_87 @chidaakasham #JithuMadhavan #ShijuKhalid #SushinShyam @vivekharshan… pic.twitter.com/kBE77Cz4QJ
— KVN Productions (@KvnProductions) May 10, 2026
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമ്മിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Chidambaram film bala release date announced