

ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില നടന്മാർ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നും സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങൾ നിർത്താതെ തുടരുമെന്നും നടൻ അന്നു കപൂർ. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ആണ് അന്നു കപൂർ ഈ തുറന്നുപറച്ചിൽ നടത്തിയത്.
'ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല. ഒടുവിൽ ആ നടന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു നടി. ഇതിലൂടെ ആ നടിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. അവർ രണ്ടു ദിവസം മുറിക്കു പുറത്തിറങ്ങിയില്ല', അന്നു കപൂറിന്റെ വാക്കുകൾ.

സംഭവത്തിൽ ഉൾപ്പെട്ട നടീനടന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല, എന്നാൽ നടി ഈ അഭിമുഖം കണ്ടാൽ, തന്റെ വാക്കുകളെ ശരിവെക്കുമെന്നും കൂട്ടിച്ചേർത്തു. സിനിമയിൽ താൻ എപ്പോഴും പ്രൊഫഷണലായിട്ടാണ് ഇത്തരം രംഗങ്ങളെ കാണുന്നതെന്ന് അന്നു കപൂർ പറഞ്ഞു. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ഒപ്പമുള്ള നടിക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്ന് മാത്രമേ താൻ ചോദിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് അവരെ കൂടുതൽ അസ്വസ്ഥരാക്കിയേക്കാം എന്നതിനാലാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്കി ഡോണർ, ജോളി എൽ എൽ എൽ ബി 2 , ഡ്രീം ഗേൾ തുടങ്ങി നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ച നടൻ ആണ് അന്നു കപൂർ. അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത് അക്ഷയ് കുമാർ നായകനായി എത്തിയ 'ജോളി എൽഎൽബി 3' എന്ന ചിത്രത്തിലാണ്.
Content Highlights: The hero lost control during the intimate scene shoot, and the actress ran away says Annu Kapoor