മമ്മൂട്ടിയുടെ പ്രസ്താവന വൈകിപ്പോയി, ജനക്കൂട്ടം കൂവി വിളിച്ചു, കസബ വിവാദം ആരോഗ്യത്തെ വരെ ബാധിച്ചുവെന്ന് പാർവതി

പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ച് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നു ഇല്ലാതാകും, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡി.എൻ.എ വരെ മാറ്റിമറിച്ചു

മമ്മൂട്ടിയുടെ പ്രസ്താവന വൈകിപ്പോയി, ജനക്കൂട്ടം കൂവി വിളിച്ചു, കസബ വിവാദം ആരോഗ്യത്തെ വരെ ബാധിച്ചുവെന്ന് പാർവതി
dot image

'കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പിന്നാലെ തനിക്ക് നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് പാർവതി തിരുവോത്ത്. തനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോൾ മാത്രമാണ് പ്രതികരിച്ചതെന്നും ഒപ്പം നിന്നവർക്കും പാർവതി നന്ദി പറഞ്ഞു. മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ മമ്മൂക്കയുടെ പ്രസ്താവന വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയതായും നടി പറഞ്ഞു. ഈ സമയത്ത് അവാർഡ് വാങ്ങാൻ ചെന്നപ്പോൾ ആളുകൾ കൂവി വിളിച്ചതും പാർവതി ഓർത്തു. 'ഷോഷാ' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

'കസബ പരാമർശം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറി. ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മിൽ സംസാരിച്ചിരുന്നു. ഞങ്ങൾ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചു, ഞങ്ങൾ ഫോണിൽ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും അത് ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. അന്ന് എനിക്ക് 'പൊങ്കാല' എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ കേരളത്തിൽ ഓൺലൈൻ പൊങ്കാല എന്നാൽ നിങ്ങൾ ക്രൂരമായി ട്രോൾ ചെയ്യപ്പെടുന്നു എന്നാണ് അർത്ഥം.

ആ ആക്രമണത്തിന്റെ വ്യാപ്തി അവിശ്വസനീയമായിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോൾ മാത്രമാണ് എനിക്കത് ഗൗരവമായി തോന്നിയത്. അതുവരെ ഞാനത് അവഗണിക്കാൻ തയ്യാറായിരുന്നു. പക്ഷേ, എനിക്ക് മനസ്സിലായത് ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നതുമാണ്. ആ ഭയം എന്നെ തളർത്തുന്നതിന് പകരം എനിക്ക് കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്.

പിന്നെ, മമ്മൂട്ടി സാറുമായി ഞാൻ സംസാരിച്ചു, അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു, 'നിങ്ങൾ ശാന്തനായിരിക്കാം, എന്നാൽ പുറത്തുള്ളവർ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?' എന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വൈകിയാണ് വന്നത്. അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാൻ പോലും ഞാൻ ഭയപ്പെട്ടു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു. ഒരുപാടു കാര്യങ്ങൾ ഒരേസമയം സംഭവിച്ചു. ഈ പ്രശ്നം നടക്കുന്നതിന് ഇടയിലാണ് എനിക്കൊരു പുരസ്കാരം ലഭിക്കുന്നത്.

വലിയ അവാർഡ് നിശയായിരുന്നു അത്. ഞാൻ അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് നടന്നു കയറിയപ്പോൾ അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിക്കാൻ തുടങ്ങി. കയ്യടികൾക്ക് പകരം ആ കൂവലുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എല്ലാം 'സ്ലോ ഡൗൺ' ആയതുപോലെ തോന്നി. 'പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക' എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ പ്രസംഗം പൂർത്തിയാക്കി, അവിടെ തട്ടി വീണില്ല, സുരക്ഷിതമായി തിരിച്ചിറങ്ങി. സത്യത്തിൽ ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ച് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നു ഇല്ലാതാകും, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡി.എൻ.എ വരെ മാറ്റിമറിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും, സത്യത്തിൽ അവയാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'ഞാൻ' എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്.

ഏറെ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും എനിക്ക് പിന്തുണയ്ക്കാനും കുറച്ചു പേർ ഉണ്ടായിരുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. നല്ലൊരു സപ്പോർട്ട് സിസ്റ്റം എനിക്കുണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കാൻ സിനിമയ്ക്ക് പുറത്ത് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള സുഹൃത്തുക്കളുടെ മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എനിക്ക് പിന്തുണ നൽകുന്നവർക്ക് കടുത്ത ശിക്ഷയാണ് ഇൻഡസ്ട്രി നൽകിയത്. എന്റെ കൂടെ നിന്നാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും ആസിഫ് അലിയും ടൊവീനോ തോമസും എന്റെ കൂടെ ജോലി ചെയ്തു. ആ സമയത്ത് പല നിർമാതാക്കളും എന്നെ മാറ്റിനിർത്തിയപ്പോൾ, പ്രമുഖ നിർമാതാവായ പി.വി. ഗംഗാധരന്റെ മക്കൾ (എസ്‌ക്യൂബ് പ്രൊഡക്ഷൻസ്) എന്നെ വിളിച്ച് ആ സിനിമയിലെ പ്രധാന വേഷം നൽകുകയും ഇൻഡസ്ട്രിയിൽ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലം എനിക്ക് നൽകുകയും ചെയ്തു,' പാർവതി പറഞ്ഞു.

Content Highlights: Parvathy Thiruvoth has opened up about the lasting impact of the controversy surrounding the film Kasaba, revealing that it affected her health. The actress also remarked that Mammootty’s response to the issue came too late. Her statement has once again brought attention to discussions on representation, accountability, and gender sensitivity within the Malayalam film industry, with many revisiting the debate sparked by the film years ago.

dot image
To advertise here,contact us
dot image