'ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്ട്രീയ പ്രവേശനം'; ലക്ഷ്മിപ്രിയ

ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛന്‍ നരേന്ദ്ര മോദിയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അധിക്ഷേപം ചൊരിയുന്നവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കും

'ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്ട്രീയ പ്രവേശനം'; ലക്ഷ്മിപ്രിയ
dot image

തനിക്കെതിരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്് നടി ലക്ഷ്മിപ്രിയ. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറേണ്ടി വന്നതിനു ശേഷം യൂട്യൂബേഴ്‌സും മറ്റും തനിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടത്തുന്നതെന്ന്് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്ലിക്ക് ബൈറ്റിനും മറ്റും ഇത്തരത്തില്‍ വീഡിയോസ് ചെയ്യുന്നവര്‍ക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞാന്‍ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യര്‍ക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓര്‍മ്മയില്‍ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്‌നേഹിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തില്‍ നിന്നും എന്നെക്കൊണ്ട് ആവും പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ചെറുപ്പം മുതല്‍ സ്വര്‍ണ്ണ സ്പൂണില്‍ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരില്‍ നിന്നും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല.. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ചു നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാര്‍ത്ഥതയും ഉള്ളവളാണ്.

എന്റെ സൗഹൃദങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളവരുണ്ട്. ജാതിയും മതവും നോക്കി മനുഷ്യരോട് നാളിതുവരെ ഇടപെട്ടിട്ടില്ല. സൗഹൃദത്തില്‍ എല്ലാ മതസ്ഥരുമുണ്ട്. വിശ്വാസികളും അവിശ്വാസികളും ഉണ്ട്. ആണും പെണ്ണും ട്രാന്‍സ് മനുഷ്യരും ഉണ്ട്. ആരുടേയും ജാതിയും മതവും രാഷ്ട്രീയവും ജന്ററും വിശ്വാസ അവിശ്വാസപരമായതൊന്നും സൗഹൃദങ്ങളില്‍ മാനദണ്ഡമായിട്ടില്ല.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒക്കെയും ഒരു വ്യക്തിയ്ക്ക് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ആണ്. അത് ഈ എനിക്കും ബാധകമാണ്. പിന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ നിലപാടുകളെയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെയാണ് എന്റെ മേലെ ഇത്രയധികം സൈബര്‍ ബുള്ളിയിങ് അഴിച്ച് വിടാന്‍ സാധിക്കുന്നത് ?

കേവലം രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലും മതത്തിന്റെ അന്തരത്തിന്റെ പേരിലും ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളില്‍. അല്ലാതെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങള്‍ -- ഒരുപക്ഷേ ഇനി ഒരിക്കലും തമ്മില്‍ കാണാന്‍ പോലും സാധ്യതയില്ലാത്ത നിങ്ങള്‍ ഇത്ര മാത്രം അധിക്ഷേപിക്കാന്‍ രാഷ്ട്രീയവും മതവും അല്ലാത്തതൊന്നും കാരണങ്ങള്‍ അല്ല. എന്നോട് മറ്റ് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങളുമില്ല.

റിയാക്ഷന്‍ വീഡിയോസ് ചെയ്തു, ക്ലിക് ബൈറ്റ് ന് വേണ്ടി മോശം തമ്പ് ലൈന്‍ ഉണ്ടാക്കി കഞ്ഞി കണ്ടെത്തുന്ന യൂട്യൂബര്‍മാര്‍ക്കും ലക്ഷ്മി പ്രിയ നല്ല ഒരു ഇരയാണ്.. ഈ പ്രസക്ത സുഹൃത്തുക്കളുടെ അറിവിലേക്ക് ഇനിയും ഇതൊരു തുടര്‍ക്കഥയാക്കുന്നു എങ്കില്‍ തീര്‍ച്ചയായും അര്‍ഹമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.

കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവര്‍ക്ക്,

ഒന്ന് : ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്ട്രീയ പ്രവേശനം. നടന്‍മാരായ ശ്രീ ഇന്നസെന്റ്, മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ അവരുടെ രാഷ്ട്രീയ അനുഭാവം കൊണ്ടും ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? അങ്ങനെ പറയുന്നവര്‍ തെളിവ് ഹാജരാക്കി പറയണം. ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.

രണ്ട് :ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛന്‍ നരേന്ദ്ര മോദിയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വെറൈറ്റി മീഡിയ റിപ്പോര്‍ട്ടറിനോട് ഞാന്‍ പറഞ്ഞത്, 'അദ്ദേഹം ഒരു അച്ഛനെപ്പോലെ ' പെണ്‍മക്കള്‍ക്ക് വേണ്ടത് എല്ലാം ചെയ്യുന്നു എന്നാണ്. ' പോലെ ' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വീഡിയോ ഫുള്ള് കാണാം.

മൂന്ന്: സുരേഷ് ഗോപി അല്ലാതെ മോഹന്‍ലാല്‍ ഒക്കെ പ്രചരണത്തിന് വരുമോ എന്ന് പ്രസ്സ് മീറ്റ് കഴിഞ്ഞു ചോദിച്ചവരോട് ലാലേട്ടന്‍ മാത്രമല്ല, മമ്മൂക്കയും സിദ്ദിഖ് ഇക്കയും, ദിലീപേട്ടനും ജയറാമേട്ടനും ഒക്കെ വരണം എന്നാണ് ' എന്റെ ആഗ്രഹം ' എന്നാണ് ചിരിച്ചു കൊണ്ട് ഞാന്‍ തമാശയായി പറഞ്ഞത്..വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിന് മുന്‍നിര പിന്‍ നിര മാധ്യമ പ്രവര്‍ത്തകര്‍ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ' കടക്ക് പുറത്ത് ' എന്ന് പറയുന്നത്.

ഒരു കാര്യത്തില്‍ വളരെ സന്തോഷമുണ്ട്. ഈ നാട്ടിലെ മതേതരരെക്കാണാന്‍ എന്റെ ഫേസ്ബുക് പേജിന്റെയോ ഞാനുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയോ ചുവടെ പോയാല്‍ മാത്രം മതി.

ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടി അനുഭാവിയാണ്. ട്വന്റി ട്വന്റി NDA ഘടക കക്ഷി ആയത് കൊണ്ടും ട്വന്റി ട്വന്റി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ഈ നാടിനു ഗുണമുള്ളത് കൊണ്ടും തന്നെയാണ് ഞാന്‍ അതിലേക്ക് വന്നത്. മേലിലും അങ്ങനെ ആയിരിക്കും. ഇനി സജീവ പാര്‍ട്ടി പ്രവര്‍ത്തനം ഉണ്ടായിരിക്കും.

Content Highlights: -I did not say that Narendra Modi is the father of all daughters in India. Legal action will be taken against those who abuse him; Lakshmi Priya

dot image
To advertise here,contact us
dot image