

തുടർ വിജയങ്ങളുലൂടെ പാൻ ഇന്ത്യൻ സ്വീകാര്യത നേടിയ നടനാണ് അല്ലു അർജുൻ. നടന്റേതായി അവസാനമിറങ്ങിയ പുഷ്പ 2 സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് തിയേറ്റർ വിട്ടത്. 1000 കോടിക്ക് മുകളിലാണ് സിനിമയുടെ ആഗോള കളക്ഷൻ. ഇപ്പോഴിതാ പുഷ്പ 2 വിന് പിന്നാലെ വമ്പൻ സിനിമകളാണ് അല്ലു അർജുനെ കാത്തിരിക്കുന്നത്.
നിലവിൽ അറ്റ്ലീ ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണ് അല്ലു അർജുൻ. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.

അറ്റ്ലീ ചിത്രത്തിന് പിന്നാലെ ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയിലാണ് അല്ലു അഭിനയിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. അനിരുദ്ധിന്റെ കിടിലൻ മ്യൂസിക്കിൽ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും. അല്ലു അർജുനും- ലോകേഷും-അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്.
കഴിഞ്ഞ ദിവസം അല്ലുവിൻ്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹച്ചടങ്ങിൽ സംവിധായകൻ ബേസിൽ ജോസഫ് എത്തിയത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. നവദമ്പതികള്‍ക്കൊപ്പം അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ബേസിലിനൊപ്പം നില്‍ക്കുന്ന വീഡിയോയും ഫോട്ടോസുമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അല്ലു അർജുനെ നായകനാക്കി ബേസിൽ സിനിമയൊരുക്കുന്നു എന്ന റിപ്പോർട്ടുകൾ ഉടലെടുത്തത്. ലോകേഷ് ചിത്രത്തിന് ശേഷം അല്ലുവിന്റെ 24ാം ചിത്രമായി ബേസിൽ ചിത്രം പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ചെയ്യാനിരുന്ന ശക്തിമാൻ ആണ് അല്ലുവിനെ നായകനാക്കി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നതെന്നും സംസാരമുണ്ട്.

ഇതിനൊപ്പം ഹിറ്റ് മേക്കർ സന്ദീപ് റെഡ്‌ഡി വങ്കയ്ക്ക് ഒപ്പമുള്ള സിനിമയും അല്ലു അർജുന്റെതായി പുറത്തിറങ്ങാനുണ്ട്. ടി സീരീസ് ആണ് സിനിമ നിർമിക്കാൻ പോകുന്നത്. സന്ദീപിന്റെ ഇനി പുറത്തിറങ്ങാനുള്ള പ്രഭാസ് ചിത്രം സ്പിരിറ്റിന് ശേഷമാകും ഈ അല്ലു അർജുൻ സിനിമയിലേക്ക് കടക്കുക.
Content Highlights: Allu arjun to act in basil joseph, lokesh kanakaraj, atlee, sandeep reddy vanga films says report