

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ. വമ്പൻ ഹിറ്റാണ് ചിത്രം തിയേറ്ററിൽ നിന്ന് നേടിയത്. ഇപ്പോഴിതാ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നത് ബാധ്യതയായിരുന്നുവെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. ആദ്യത്തെ അഞ്ച് വര്‍ഷം താൻ ആ നിഴലിൽ ആയിരുന്നുവെന്നും തനിക്ക് കഴിവുണ്ടെന്ന് വിചാരിച്ചിരുന്നില്ലെന്നും അഖിൽ പറയുന്നു. ആദ്യ സിനിമ അസിസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും തനിക്ക് ക്ലിനിക്കല്‍ ഡിപ്രഷൻ ഉണ്ടായെന്നും ഡോക്ടര്‍ ചികിത്സിക്കേണ്ട വിഷാദരോഗത്തിലൂടെ കടന്നു പോയിരുന്നുവെന്നും അഖിൽ സത്യൻ പറഞ്ഞു. മാതൃഭൂമി അക്ഷരത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കേയാണ് പ്രതികരണം.
'അച്ഛന്റെ നിഴൽ എന്ന പേടി അസിസ്റ്റ് ചെയ്യുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്റെ കൂടെ ആദ്യമായിട്ട് വർക്ക് ചെയ്ത സിനിമ 2010 ത്തിലാണ്. ഞാൻ വിപ്രോ എന്ന ജോലി രാജി വെച്ചിട്ടാണ് അച്ഛന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ പോകുന്നത്. അപ്പോഴാണ് ഈ പറഞ്ഞ പേടി. എനിക്കങ്ങനെ പ്രത്യേകിച്ച് കഴിവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.
ആദ്യത്തെ പടം അസിസ്റ്റ് ചെയ്ത് കഴിഞ്ഞ് ഒരു അഞ്ചു വർഷം ഈ പറഞ്ഞ ഷാഡോ ഫീൽ ഉണ്ടായിരുന്നു. എനിക്ക് ഇന്ത്യൻ പ്രണയകഥ എന്നുള്ള സിനിമ കഴിഞ്ഞപ്പോഴാണ് അത് മാറിതുടങ്ങിയത്. കാരണം പേടിച്ചിട്ട് ഒന്നും കിട്ടാനില്ല എന്ന് മനസ്സിലായി. എനിക്ക് ഫസ്റ്റ് പടം അസിസ്റ്റ് ചെയ്തിട്ട് ക്ലിനിക്കൽ ഡിപ്രഷൻ വന്നു. അന്ന് വിഷാദരോഗം ഇത്ര ഫേമസ് അല്ല. പ്രോപ്പർ ആയിട്ട് ആദ്യ സിനിമ കഴിഞ്ഞതോടെ ഞാൻ ക്ലിനിക്കലി ഡോക്ടർ ചികിത്സിക്കേണ്ട അത്രയുള്ള വിഷാദരോഗത്തിലൂടെ പോയിട്ടുണ്ട്.
മരുന്ന് കഴിച്ചിട്ടുണ്ട്. ഡിപ്രഷൻ കഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ഒരു ധൈര്യമുണ്ട്. വേറൊരു കണ്ണ് തുറന്ന പോലെയാണ് അതിന് ശേഷം എനിക്ക് തോന്നിയത്. ഇന്ത്യൻ പ്രണയകഥ എന്നുള്ള സിനിമകഴിഞ്ഞപ്പോൾ ഒരു നല്ല അസിസ്റ്റന്റ് ആവാൻ പറ്റും എന്നുള്ള ഉറപ്പുണ്ടായി. പിന്നെ അച്ഛന്റെ ആ ഷാഡോ പേടി ഉണ്ടായിട്ടില്ല. ഞാൻ പ്രകാശൻ കഴിഞ്ഞപ്പോൾ എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹം വന്നു,' അഖിൽ സത്യൻ പറഞ്ഞു.
Content Highlights: Akhil Sathyan reveals he went through depression after assisting in his first film. He says the experience affected him deeply and impacted his confidence. The director admitted he had to take medication during that difficult period.