

മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരി കൂടിയാണ് പ്രിയ. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയ ഫൈബ്രോമയാൾജിയ എന്ന അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ ശാരീരിക മാറ്റങ്ങളിൽ കമന്റ് ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് നടി.
തടി കൂടാനും മുഖം നീരു വരാനും കാരണം താൻ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണെന്നും നടി പറഞ്ഞു. സൗന്ദര്യത്തേക്കാൾ ഇപ്പോൾ ആരോഗ്യത്തിനാണ് പ്രാധാന്യം എന്നും ബോഡി ഷൈയ്മിങ് കമന്റുകൾ ചെയ്യാതിരിക്കാനും നടി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത്.
'എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് നിരന്തരം ചോദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ വളരെയധികം സമയം കണ്ടെത്തുകയും ചെയ്യുന്നവർക്കുള്ളതാണ് ഇത്. അതെ, എനിക്ക് കുറച്ച് ഭാരം കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും നീരുവെച്ച് വീർത്തതായി കാണപ്പെടുന്നുണ്ട്. ഞാൻ മിക്കപ്പോഴും ക്ഷീണിതനായി കാണുന്നു. ഫൈബ്രോമയാൾജിയയ്ക്ക് ഞാൻ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ.
നിലവിൽ, ഞാൻ എന്റെ രൂപത്തെക്കാൾ എന്റെ ആരോഗ്യം തിരഞ്ഞെടുക്കുന്നു, ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. സൗന്ദര്യത്തിന് കാത്തിരിക്കാം-രോഗശാന്തിക്ക് കഴിയില്ല. സമാധാനപ്പെടൂ. മറ്റൊരാളുടെ യാത്രയെ വിലയിരുത്തുന്നതിനേക്കാൾ വളരെയധികം കാര്യങ്ങളുണ്ട് ജീവിതത്തിൽ. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക,' പ്രിയ മോഹൻ കുറിച്ചു.

പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന അവസ്ഥയാണ് ഫൈബ്രോമയാൾജിയ. 2023 മുതൽ ഫൈബ്രോമയാൾജിയ അസുഖത്തിന്റെ ലക്ഷണങ്ങൾ പ്രിയയിലുണ്ടായിരുന്നുവെന്നും എന്നാൽ അസുഖം ഇതാണെന്ന് തിരിച്ചറിയാൻ വൈകിയെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു. ചലനശേഷിയിൽ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച് ഉണ്ടായെന്നും പ്രിയ അന്ന് വ്ലോഗിൽ തുറന്ന് പറഞ്ഞിരുന്നു.
Content Highlights:Priya Mohan opens up about facing body-shaming remarks online. Actress says steroid medications caused her weight gain. Explains that the changes were due to medical treatment.