

ജനനായകൻ റിലീസ് പ്രതിസന്ധികൾ അവസാനിക്കാറായെന്ന് പുതിയ റിപ്പോർട്ടുകൾ. ടിവികെ നേതാവായി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു.
എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിൽ നിന്ന്
നിര്‍മാതാക്കള്‍ക്ക് അനുകൂല വിധി ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും സെൻസർ ബോർഡിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നിർമാതാക്കൾ സെൻസർ ബോർഡിന്റെ നിർദേശങ്ങൾക്ക് വഴങ്ങാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിക്കുമെന്നും ചിത്രത്തിൽ ബോർഡ് നിർദേശിച്ചവ കട്ട് ചെയ്യാനും മ്യൂട്ട് ചെയ്യാനും തയ്യാറാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഒരു ആർമി ഓഫീസർ ചിത്രം കാണുമെന്നും സിനിമയിൽ ഇന്ത്യൻ പട്ടാളത്തിന്റെ ചിഹ്നങ്ങളും മറ്റും കൃത്യമായാണ് കാണിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുമെന്നും പറയപ്പെടുന്നു. ഈ ആർമി ഓഫീസർ ഗ്രീൻ സിഗ്നൽ നൽകിയില്ലെങ്കിൽ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അമേരിക്കയിലെ സെൻസെറിങ് നടപടികൾ പൂർത്തിയാക്കി സിനിമ അവിടെ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളും നിർമാതാക്കൾ നടത്തുന്നുണ്ട്.
സിനിമയുടെ റിലീസ് തീയതി സംബന്ധിച്ചും പുതിയ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ചില വിദേശ ബുക്കിംഗ് വെബ്‌സൈറ്റുകളിൽ ജനനായകൻ ഫെബ്രുവരി 20ന് റിലീസ് ചെയ്യുമെന്നാണ് കാണിക്കുന്നത്. ഇതേ തീയതിയിൽ തന്നെ സിനിമ ഇന്ത്യയിലും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
Content Highlights: Jana Nayagan release-new reports shows producers to withdraw case and aiming to release on this date