

കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസുതുറന്ന് നടി ഭാവന. സിനിമ കരിയർ പ്ലാൻ ചെയ്തു സ്റ്റാർട്ട് ചെയ്തത് അല്ലെന്നും എന്നാൽ ചെറിയ കുട്ടിയായിരുന്ന സമയത്ത് തന്നെ നടിയാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും ഭാവന പറയുന്നു. നമ്മൾ എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചപ്പോൾ അതിന്റെ സീരിയസ്നെസ് തനിക്ക് അന്ന് മനസിലായിരുന്നില്ല എന്നും പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു.
'കരിയർ ഞാൻ പ്ലാൻ ചെയ്ത് സ്റ്റാർട്ട് ചെയ്തത് ഒന്നുമല്ല. സംഭവിച്ച് പോയതാണ്. അന്ന് പതിനഞ്ചോ പതിനാറോ വയസ് മാത്രമായിരുന്നു പ്രായം. ചെറിയ കുട്ടിയായിരുന്ന സമയത്ത് അഭിനയിക്കണം നടിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് എല്ലാവരോടും പറയാറുമുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അത് എന്റെ കൈക്കുമ്പിളിലേക്ക് വന്നു.

അങ്ങനെയാണ് നമ്മളും ക്രോണിക്ക് ബാച്ച്ലറും സ്വപ്നക്കൂടുമെല്ലാം സംഭവിക്കുന്നത്. ആദ്യമായി ഒരു ഇന്റർനാഷണൽ യാത്ര ചെയ്യുന്നത് സ്വപ്നക്കൂടിലെ കറുപ്പിന് അഴക് പാട്ട് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ്. അതിന് മുമ്പ് മാക്സിമം ചെന്നൈ വരെ മാത്രമെ യാത്ര ചെയ്തിരുന്നുള്ളു. സ്വിറ്റ്സർലാന്റ്, വിയന്ന, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. സിനിമ തുടങ്ങുന്നത് തന്നെ ആ പാട്ടോടെയാണ്. ആ സമയത്ത് അതൊരു പുതിയ ആശയമായിരുന്നു. അതുപോലെ തന്നെ നമ്മളിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചപ്പോൾ അതിന്റെ സീരിയസ്നെസ് എനിക്ക് മനസിലായിരുന്നില്ല', ഭാവനയുടെ വാക്കുകൾ.
അനോമി ആണ് ഇനി പുറത്തിറങ്ങാനുള്ള ഭാവനയുടെ ചിത്രം. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
Content Highlights: Actress bhavana about receiving her first kerala state film award