കന്നി കിരീടത്തിൽ മുത്തമിട്ടു; പിന്നാലെ ആർസിബിയെ റാഞ്ചാൻ പ്രമുഖ വ്യവസായി

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ സ്വന്തമാക്കാൻ അദാർ പൂനാവാല

കന്നി കിരീടത്തിൽ മുത്തമിട്ടു; പിന്നാലെ ആർസിബിയെ റാഞ്ചാൻ പ്രമുഖ വ്യവസായി
dot image

നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വർഷമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. ആ നേട്ടത്തിന് പിന്നാലെ ഇപ്പോൾ ആർസിബിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് പ്രമുഖ വ്യവസായിയും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയുമായ അദാർ പൂനാവാല. ഏറെ ആരാധക പിന്തുണയുള്ള ടീമിനെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്‍റെ മാതൃ കമ്പനിയായ ഡിയാജിയോ വെച്ചതിന് പിന്നാലെയാണ് പൂനാവാല തന്റെ താല്പര്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടിയത് പിന്നാലെയായിരുന്നു ഡിയാജിയോ ടീമിന്‍റെ ഉടമസ്ഥാവകാശം കൈവിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അദാര്‍ പൂനാവാലക്ക് പുറമെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ കാന്താര, കെ.ജി.എഫ് എന്നിവയുടെ നിര്‍മാതാവും ഹോംബാലെ ഫിലിംസ് ഉടമയുമായ വിജയ് കിരഗന്ദൂറും ആര്‍സിബിയെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.'കിങ് ഓഫ് ഗുഡ് ടൈംസ്' എന്ന് വിളിപ്പേരുള്ള വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പാണ് ബിസിസിഐ നടത്തിയ ഐപിഎല്‍ ടീമുകളുടെ ലേലത്തില്‍ 2008 ൽ 111.6 മില്യൺ ഡോളറിന് ആർസിബിയെ ആദ്യം സ്വന്തമാക്കിയത്. പിന്നീട് യുണൈറ്റഡ് സ്പിരിറ്റ്‌സിന്‍റെ ഭൂരിഭാഗം ഓഹരികളും ലണ്ടൻ ആസ്ഥാനമായ ഡിയാജിയോ കൈപ്പിടിയിൽ ആക്കിയതോടെ ടീമിന്‍റെ നിയന്ത്രണവും അവരുടെ കൈകളിൽ എത്തുകയായിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2025 ഐപിഎൽ കലാശപ്പോരിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് വിരാട് കോലിയും സംഘവും തങ്ങളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടം ഉയർത്തിയത്. ആഘോഷങ്ങൾ അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായതും, അത് കിരീടനേട്ടത്തിന്‍റെ നിറം കെടുത്തിയതും.

അതിന്റെ പശ്ചാത്തലത്തിൽ വരുന്ന ഐപിഎല്‍ സീസണില്‍ ബെംഗളൂരുവിൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു. മത്സരങ്ങൾ നടത്താൻ സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും അന്തിമ തീരുമാനം ഇനിയും പുറത്തുവരേണ്ടതുണ്ട്. ആരാധകരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന, കൂടാതെ സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരേണ്ടതുമുണ്ട്. അതിന് ശേഷം മാത്രമേ ഒരു അന്തിമ തീരുമാനമെടുക്കൂയെന്നും ആർസിബി മാനേജ്‌മെന്‍റ് അറിയിച്ചു.

Content highlights: Adar Poonawalla to acquire IPL team Royal Challengers Bengaluru

dot image
To advertise here,contact us
dot image