ഭരദ്വാജ് രംഗന്റെ 2026ലെ സിനിമകളുടെ പട്ടിക പുറത്ത്; ടെൻഷനടിച്ച് മമ്മൂട്ടി-മോഹൻലാൽ ആരാധകർ

2025ലെ പട്ടികയിലെ സിനിമകൾക്ക് എന്ത് സംഭവിച്ചു എന്ന് ഓർമയുണ്ടല്ലോ എന്നാണ് പലരും കമന്റുകളിൽ പറയുന്നത്.

ഭരദ്വാജ് രംഗന്റെ 2026ലെ സിനിമകളുടെ പട്ടിക പുറത്ത്; ടെൻഷനടിച്ച് മമ്മൂട്ടി-മോഹൻലാൽ ആരാധകർ
dot image

സിനിമാനിരൂപകനും അവതാരകനുമായ ഭരദ്വാജ് രംഗൻ 2026ൽ താന്‍ കാണാൻ കാത്തിരിക്കുന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഐഎംഡിബിയിലാണ് ഈ പട്ടിക വന്നിരിക്കുന്നത്. 10 സിനിമകളുടെ പേരുകളാണ് ഭരദ്വാജ് രംഗൻ പുറത്തുവിട്ടിരിക്കുന്നത്. സാധാരണ നിരൂപകർ തങ്ങളുടെ വെയ്റ്റിംഗ് ലിസ്റ്റ് പുറത്തുവിടുമ്പോൾ ആരാധകർ എല്ലാവരും കൗതുകത്തോടെയാണ് അതിലേക്ക് നോക്കാറുള്ളതുള്ളത്. എന്നാൽ ഇത്തവണ ബിആറിന്റെ ലിസ്റ്റിൽ തങ്ങളുടെ പ്രിയ താരങ്ങളുടെ അപ്കമിങ് സിനമകൾ വരല്ലേ എന്നായിരുന്നു പലരുടെയും പ്രാർത്ഥന.

അതിന് കാരണമായത് 2025ലെ ബിആറിന്റെ ലിസ്റ്റാണ്. ആ ലിസ്റ്റിൽ പറഞ്ഞ ആറ് സിനിമകളും ബോക്‌സ് ഓഫീസിൽ പരാജയമാണ് ഏറ്റുവാങ്ങിയത്. തഗ് ലൈഫ്, ദേവ, ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്, സിക്കന്ദർ, കൂലി, പരാശക്തി ഇവയായിരുന്നു ഈ ചിത്രങ്ങൾ. ബോക്‌സ് ഓഫീസ് പരാജയം മാത്രമല്ല പല ചിത്രങ്ങളുടെയും മേക്കിംഗും ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

anitcipated films in 2025 by Baradwaj Rangan

2026ലെ പട്ടികയിൽ 10 സിനിമകളാണ് ഭരദ്വാജ് രംഗൻ തിരഞ്ഞെടുത്തിട്ടുള്ളത്. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആന്റ് വാർ, മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന പാട്രിയറ്റ്, നിതേഷ് നിവാരി ഒരുക്കുന്ന രാമായണ പാർട്ട് 1, ധനുഷ് നായകനാകുന്ന കാര, യഷ്-ഗീതു മോഹൻദാസ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ടോക്‌സിക്, സിമ്പുവിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന അരസൻ, സന്ദീപ് റെഡ്ഡി വാങ്ക-പ്രഭാസ് കോംബോയുടെ സ്പിരിറ്റ്, ദൃശ്യം 3, ധുരന്ദർ 2 എന്നിവയാണ് പട്ടികയിലുള്ള സിനിമകൾ.

ഏറെ ഹൈപ്പുള്ള ചിത്രങ്ങളാണ് ഇവയെല്ലാം. അഭിനേതാക്കൾ, സംവിധായകർ, അണിയറ പ്രവർത്തകർ, ഫ്രാഞ്ചൈസിയിലെ മുൻ ഭാഗങ്ങളുടെ വിജയം എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടാണ് ഈ സിനിമകൾക്ക് ഹൈപ്പുണ്ടായിരിക്കുന്നത്. ഭരദ്വാജ് രംഗനെ പോലെ നിരവധി സിനിമാപ്രേമികൾ ഈ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നുമുണ്ട്.

2025ലെ ഭരദ്വാജ് രംഗന്റെ ലിസ്റ്റുമായി താരതമ്യം ചെയ്തുകൊണ്ട് പുതിയ ലിസ്റ്റിലെ സിനിമകളുടെ വിധി എന്താകും എന്ന ആശങ്കകൾ ട്രോളുകളായി വരാൻ തുടങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരും ഇക്കൂട്ടത്തിലുണ്ട്. പാട്രിയറ്റും ദൃശ്യം 3യും പരാജയം ഏറ്റുവാങ്ങുമോ എന്ന ഭയമാണ് ഇവരിൽ ചിലർ പങ്കുവെക്കുന്നത്.

anitcipated films in 2026 by Baradwaj Rangan

എന്നാൽ ഭരദ്വാജ് രംഗനെ പോലെ പ്രശസ്തനായ സിനിമാനിരൂപകൻ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ എന്നാൽ അവ കാണാൻ എന്തെങ്കിലും ഉള്ളവ തന്നെയായിരിക്കും എന്നാണ് മറ്റ് പലരും കമന്റ് ചെയ്യുന്നത്. 2025 ലെ പട്ടികയിലുള്ള ചിത്രങ്ങളെ കുറിച്ച് അന്ന് ബിആർ മാത്രമല്ല ഭൂരിഭാഗം പ്രേക്ഷകരും വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ പട്ടികയിൽ വന്നാലും ഇല്ലെങ്കിലും സിനിമയുടെ മേക്കിംഗ് തന്നെയായിരിക്കും വിജയം നിശ്ചയിക്കുക എന്നും കമന്റുകളുണ്ട്. തങ്ങൾ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഏതാണെന്നും നിരവധി പേർ കമന്റിൽ പങ്കുവെക്കുന്നുണ്ട്.

Content Highlights: Film Critic Baradwaj Rangan's 2026 antcipated movie list out, Mammootty-Mohanlal fans are tensed.Patriot and Drishyam 3 is in the list. The movies in Baradwaj Rangan's 2025 list, all of them had to face failure in some level.

dot image
To advertise here,contact us
dot image